മലയാള ഭാഷാ രൂപീകരണത്തിന് നാടൻ പാട്ടുകൾ വലിയ സംഭാവന നൽകി:ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പി(എറണാകുളം )ന്റെ നേതൃത്വത്തിൽ ഭാഷാ സെമിനാർ സംഘടിപ്പിച്ചു. “മലയാളഭാഷയും സംസ്കാരവും” എന്ന വിഷയത്തിൽ നടന്ന സെമിനാർ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
മലയാളഭാഷ നിർബന്ധമാക്കുന്നത് സാധാരണക്കാർക്ക് കൂടി മനസിലാകണമെന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ മലയാളത്തിൽ സ്വപ്നം കാണാൻ പ്രാപ്തരാക്കണം. എല്ലാ ഭാഷകളും തുടങ്ങുന്നത് നാടോടി സംസ്കൃതികളിൽ നിന്നാണ്. നാടൻ പാട്ടുകൾ മലയാള ഭാഷാ രൂപീകരണത്തിന് വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ഹൃദയത്തിൽ നിന്ന് വന്ന സത്യസന്ധമായ സാഹിത്യങ്ങളായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ് തൃശ്ശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ സന്തോഷ് വിഷയാവതരണം നടത്തി. പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ജോയ്, അസിസ്റ്റന്റ് ഡയറക്ടർ വിധു എ. മേനോൻ, സീനിയർ സൂപ്രണ്ട് വി.എസ് രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.