- വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു
സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയ്ക്കു തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മേളയുടെ ആവേശം ഏറ്റെടുത്തു കൊച്ചി നഗരത്തിലെ സ്‌കൂളുകള്‍. മേളയുടെ പ്രധാന വേദികളില്‍ ഒന്നായ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിളംബര ജാഥ കൊച്ചി കോര്‍പറേഷന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ റെനീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
ബാന്‍ഡ് മേളത്തിന്റെയും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, എന്‍.സി.സി, എന്‍.എസ്.എസ് തുടങ്ങിയവയുടെയും അകമ്പടിയോടെയാണു വിളംബര ജാഥ നടന്നത്. ശാസ്ത്ര സമവാക്യങ്ങളും ദൃശ്യങ്ങളും ഉയര്‍ത്തി പിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും ജാഥയ്ക്കു മാറ്റുകൂട്ടി.
വിളംബര ജാഥയ്ക്കു ശേഷം ഹൈക്കോടതി ജങ്്ഷനില്‍ നടന്ന ഫ്‌ളാഷ് മോബ്, ശാസ്ത്ര നാടകം എന്നിവ ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങിയതായി എം.എല്‍.എ പറഞ്ഞു. സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും കച്ചേരിപ്പടി സെന്റ് ആന്റണിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലാണ് കലാ പ്രകടനങ്ങള്‍ നടന്നത്.
പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ വി.വി പ്രവീണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ദിപിന്‍ ദിലീപ്, എറണാകുളം വിദ്യാഭ്യാസ ജില്ല ഓഫീസര്‍ എ.ആര്‍ സുധര്‍മ എന്നിവര്‍ സംസാരിച്ചു.