അറുപത്തിയൊന്നാമത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കെ.കെ. രമ എം എൽ എ പ്രകാശന കർമ്മം നിർവഹിച്ചു. പാലോറ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി സതീഷ് കുമാർ രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലഭിച്ച 30 ലോഗോകളിൽ നിന്ന് രാംദാസ് വടകര, രമേശ് രഞ്ജനം എന്നിവരടങ്ങിയ വിധികർത്താക്കളുടെ പാനലാണ് ലോഗോ തെരഞ്ഞെടുത്തത്. നവംബർ 26, 28, 29, 30 ഡിസംബർ 1 തീയതികളിലായി വടകരയിൽ വെച്ചാണ് കലോത്സവം നടക്കുന്നത്.
ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ, മാധ്യമ പ്രചാരണ കമ്മിറ്റി ചെയർപേഴ്സൺ എ പ്രേമകുമാരി, കൺവീനർമാരായ കെ.പി. അനിൽകുമാർ, അജിത ചീരാം വീട്ടിൽ, വടകര ബിപിസി വി.വി. വിനോദ്, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.