കുട്ടികളുടെ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പുതുതലമുറയ്ക്ക് കൃഷിയെ സുപരിചിതമാക്കുക, കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യമുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളുമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കൃഷി പാഠം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. മണ്ണിനേയും കാര്‍ഷിക മേഖലയേയും കുറിച്ച് കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ അറിവു നേടാന്‍ ഇത് സഹായകമാവുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കൃഷിയെ സംബന്ധിച്ച് കുട്ടികള്‍ക്ക് പുതിയ ആശയങ്ങളും ചിന്തകളും വളര്‍ത്താന്‍ സാധിക്കും. കൃഷിയെന്നത് ജീവന മാർഗ്ഗമാണ്. അതില്ലാതെ മുന്നോട്ടു പോവുക അസാധ്യമാണ്. തകരുന്ന ബാല്യത്തെ സംരക്ഷിക്കുന്നതിനും തളരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൃഷി പാഠം പദ്ധതിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്ന പദ്ധതിക്ക് മന്ത്രി ആശംസയര്‍പ്പിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനക്ലാസ് സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, പി.ഗവാസ്, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. ജയപ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ എ.പി സെയ്താലി, ഒളവണ്ണ പഞ്ചായത്ത് മെമ്പര്‍മാരായ പി.രാധാകൃഷ്ണന്‍, എം. ഉഷാദേവി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രമ ടി.എ, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് വി.ഗീത, പ്രിന്‍സിപ്പാള്‍ ജീജ പി.പി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍ പുറ സ്വാഗതവും കോര്‍ഡിനേറ്റര്‍ വി. പ്രവീണ്‍ കുമാര്‍ പദ്ധതി വിശദീകരണവും നിര്‍വ്വഹിച്ചു.