നവീകരിച്ച അയിര, പുലിയൂർകുളങ്ങൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി  ജി. ആർ .അനിൽ നാടിന് സമർപ്പിച്ചു. കാരോട് പഞ്ചായത്തിലെ ഏറ്റവും വലിയ കുളങ്ങളാണിവ. വർഷങ്ങളായി കാടും പടർപ്പും കയറി ഉപയോഗശൂന്യമായിരുന്ന കുളങ്ങളാണ് 1.54 കോടി രൂപ ചെലവിട്ട് നവീകരിച്ചത്. ഒരു പ്രദേശത്തിന്റെയാകെ ജലസ്രോതസ്സായിരുന്ന കുളങ്ങളുമായിരുന്നു ഇവ. കുളിക്കാനും തുണി അലക്കാനും കന്നുകാലികളുടെ ആവശ്യങ്ങൾക്കും ഇവിടത്തെ ജലമായിരുന്നു പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്.

ഏഴേക്കറോളം വ്യാപിച്ച് കിടക്കുന്ന കുളത്തിനു ചുറ്റുമുള്ള നടപ്പാതയിൽ  എം. എൽ. എ ഫണ്ട്‌ വിനിയോഗിച്ച് ഇന്റർലോക്ക്  പാകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അതോടൊപ്പം ഇവിടെ ബോട്ട് സർവീസ് ആരംഭിക്കുന്നതും ആലോചനയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. അൻസലൻ എം. എൽ .എ പറഞ്ഞു.  നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി.