പൊതുവിപണയിൽ അരിവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വ്യാപാര ശാലകളിൽ പൊതുവിതരണവകുപ്പും ലീഗൽ മെട്രോളജി വകുപ്പും സംയുക്തമായി പരിശോധന നടത്തി. ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുമാണ് വകുപ്പുകളുടെ നടപടി.

കോർപ്പറേഷൻ പരിധിയിലെ 23 കടകളിൽ വിലവിവരങ്ങളും അളവുതൂക്ക ഉപകരണങ്ങളുടെ ലൈസൻസുകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ഏഴ് ഇടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി നോട്ടീസ് നൽകി. അടുത്ത ദിവസങ്ങളിൽ ഫുഡ് സേഫ്റ്റി വകുപ്പിനെ കൂടി ഉൾപ്പെടുത്തി പൊതുവിപണി പരിശോധനകൾ ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ അറിയിച്ചു.

തൃശൂർ താലൂക്ക് സപ്ലൈ ഓഫീസർ റേഷനിംഗ് ഇൻസ്പെക്ടർമാരായ ലിനി ഇ ആർ, ശ്രീജിത്ത് മോഹൻ എൽ, കെ വി വിനോഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെഎൻ നിഷ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.