ബേപ്പൂർ വാട്ടർ ഫെസ്റ്റ് 2022 നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയാലോചനയോഗം ചേർന്നു. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ സുതാര്യത ഉറപ്പാക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്‌ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ബേപ്പൂർ വാട്ടർ ഫെസ്റ്റ് വിജയകരമാക്കൻ പ്രാദേശിക ജനപങ്കാളിത്തം ഉറപ്പാക്കണം. 2021 ലെ ബേപ്പൂർ വാട്ടർ ഫെസ്റ്റ് വൻ വിജയമായിരുന്നു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഈ വർഷത്തെ വാട്ടർഫെസ്റ്റ് നടത്താൻ വിവിധ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ബേപ്പൂർ നിയോജക മണ്ഡലത്തിലെ വിവിധയിടങ്ങളിൽ വാട്ടർ ഫെസ്റ്റുമായി ബന്ധപ്പെട്ട അനുബന്ധ പരിപാടികൾ സംഘടിപ്പിക്കണമെന്നും വാട്ടർ സ്പോർട്സ് ഇവന്റിന് പുറമെ കൾച്ചറൽ പ്രോഗ്രാം കൂടി ഉൾപ്പെടുത്തണമെന്നും യോഗത്തിൽ നിർദ്ദേശമുയർന്നു. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി പാലങ്ങൾ ഇലുമിനേഷൻ നടത്തുന്നത് സംബന്ധിച്ചും മെച്ചപ്പെട്ട പാർക്കിങ് സൗകര്യം ഒരുക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു. ഡിടിപിസി സെക്രട്ടറി നിഖിൽ ദാസ് 2021 ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ അവലോകനം നടത്തി.

കലക്ടറേറ്റിൽ നടന്ന യോഗത്തിൽ സബ്‌കളക്ടർ ചെൽത്സാ സിനി,ഡിഡിസി എം.എസ്‌ മാധവികുട്ടി,അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.