മലബാർ മേഖലയിലെ കാർഷിക പദ്ധതികൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കുന്നുമ്മൽ ബ്ലോക്ക് അഗ്രോ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ ചാത്തങ്കോട്ടുനടയിൽ 5 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന കാർഷിക നേഴ്സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധ്യമായ ഇടങ്ങളിൽ എല്ലാം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യാൻ പ്രത്യേക താല്പര്യം കാണിക്കണമെന്നും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിൽ ഇടപെടണമെന്നും ഇത് കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ മണ്ണുത്തി സ്പെഷ്യൽ ഓഫീസർ ഡോ. യു. ജയകുമാരൻ മുഖ്യാതിഥിയായി. സൊസൈറ്റിയുടെ സെക്രട്ടറി ബാബു പി.പി റിപ്പോർട്ട് അവതരിപ്പിച്ചു. സൊസൈറ്റിയുടെ പ്രസിഡന്റ് ബോബി മൂക്കൻതോട്ടം, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് മാസ്റ്റർ, കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ രമാദേവി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പി.ഷിജു, ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ സ്വപ്ന, ചാത്തങ്കോട്ടുനട സോഫിയ ചർച്ച് വികാരി ഫാ.ജോർജ് കിഴക്കേമുറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, ജനപ്രതിനിധികൾ, രാഷ്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.