നവ കേരള കർമ്മ പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ പദ്ധതിയുടെ ഭാഗമായി ശൈലി ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണം പുന്നേക്കാട്, ചേരാനല്ലൂർ പഞ്ചായത്തുകളിൽ നൂറു ശതമാനം പൂർത്തിയായി.
30 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകളിലെയും ജീവിത ശൈലി രോഗ നിര്‍ണ്ണയ കണക്കെടുപ്പാണ് ആപ്ലിക്കേഷൻ വഴി നടത്തുന്നത്.

പുന്നേക്കാട്, ചേരാനല്ലൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് വിവര ശേഖരണം പൂർത്തിയാക്കിയത്. പുന്നേക്കാട് പഞ്ചായത്തിൽ 7380 പേരുടെയും ചേരാനല്ലൂർ പഞ്ചായത്തിലെ 18729 പേരുടെയും വിവരങ്ങൾ ശേഖരിച്ചു. തുറവൂർ, ചിറ്റാറ്റുകര, മണീട്, എടവനക്കാട് എന്നീ പഞ്ചായത്തുകളിൽ 80 ശതമാനം സർവേ കഴിഞ്ഞു.

ഇ -ഹെൽത്ത് കേരള വികസിപ്പിച്ച ശൈലി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വഴി ആശാപ്രവർത്തകർ ഭവന സന്ദർശനം നടത്തിയാണ് 30 വയസ്സിന് മുകളിലുള്ളവരുടെ പ്രാഥമിക വിവരശേഖരണം നടത്തുന്നത്.

ജില്ലയിൽ ഏകദേശം 2,40,000 പേരുടെ വിവരശേഖരണമാണ് ഇത്തരത്തിൽ പൂർത്തിയാക്കേണ്ടത്. വിവരശേഖരണത്തിനോടൊപ്പം തന്നെ രോഗസാധ്യതയുള്ളവരെ തൊട്ടടുത്ത ആരോഗ്യ ഉപകേന്ദ്രങ്ങളിലേക്കോ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്കോ തുടർ പരിശോധനയ്ക്കായി നിർദേശിക്കുകയും ചെയ്യുന്നു. പ്രമേഹം, രക്തസമ്മർദ്ദം, വായിലെ ക്യാൻസർ, ഗർഭാശയമുഖ ക്യാൻസർ, സ്തനാർബുദം, ശ്വാസകോശ രോഗങ്ങൾ എന്നിങ്ങനെയുള്ള രോഗങ്ങളുടെ നിർണയം സൗജന്യമായി ചെയ്യാനും രോഗം ഉണ്ടെങ്കിൽ ചികിത്സ സ്വീകരിക്കാനും പദ്ധതി വഴി സാധിക്കും.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്തഘട്ടത്തിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജീവിതശൈലി രോഗ സർവേ വ്യാപിപ്പിക്കും. സർവേ പൂർത്തിയാകുന്നതോടെ ജനങ്ങളുടെ ഇടയിലുള്ള ജീവിതശൈലിരോഗത്തിന്റെ തോത് മനസ്സിലാക്കി ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി ഒരുക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.