ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. തുറവൂര്‍ പാട്ടുകുളങ്ങരയിലെ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ ഫുഡ്സ് എന്നീ സംരംഭങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സംരംഭങ്ങളുടെ പ്രവര്‍ത്തനം, വരുമാനം തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. കൂടുതല്‍ പേര്‍ ഇനിയും സംരംഭ മേഖലയിലേക്ക് കടന്നു വരണമെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണ്‍ മുതല്‍ എല്‍.ഇ.ഡി. ബള്‍ബ് വരെയുള്ള എല്ലാ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കുമുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് ടെക്നോമേക്ക്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 2022 ജൂലൈ ഏഴിനാണ് ഈ വ്യവസായ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഹബീബ് അബൂബക്കറിന്റെ നേതൃത്വത്തില്‍ നാല് പേര്‍ ചേര്‍ന്ന് നടത്തുന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ. മുഹമ്മദ് ഇഖ്ബാലാണ്. കെ-സ്വിഫ്റ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത ടെക്നോമേക്കില്‍ നിലവില്‍ 15 ജീവനക്കാരുണ്ട്. നാല് കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച യൂണിറ്റ് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്ന സംരംഭങ്ങള്‍ക്ക് മാതൃകയാണ്.

2022 മെയ് മാസത്തിലാണ് അര്‍പണ ഫുഡ്സ് എന്ന സംരംഭം ആരംഭിച്ചത്. 24 സ്ത്രീകള്‍ ഉള്‍പ്പടെ 30 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 1.85 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിച്ച ഇവിടെ കേക്ക്, ബ്രെഡ്, റെസ്‌ക്, കുക്കീസ് തുടങ്ങിയവയാണ് ഉണ്ടാക്കുന്നത്. ഏജന്‍സികള്‍ മുഖേനയാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍, മാനേജര്‍ കെ. അഭിലാഷ്, ചേര്‍ത്തല ഉപജില്ല വ്യവസായ ഓഫീസര്‍ എസ്. ജയേഷ്, അമ്പലപ്പുഴ ഉപജില്ല വ്യവസായ ഓഫീസര്‍ ടി. ടോണി, വ്യവസായ വികസന ഓഫീസര്‍മാരായ ശാന്തി ആര്‍. പൈ, ബിന്ദു തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.