*കളിക്കളം കായികമേള പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
പട്ടികവര്‍ഗ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാനതല കായികമേള ‘കളിക്കളം-2022 ന് തിരുവനന്തപുരം കാര്യവട്ടം എല്‍എന്‍സിപിഇ സ്റ്റേഡിയത്തില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ടിഡിഒകളിലെ കുട്ടികള്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച മാര്‍ച്ച് പാസ്റ്റും മുന്‍ കളിക്കളം ജേതാക്കള്‍ അണിനിരന്ന ദീപശിഖാ പ്രയാണവും ഉദ്ഘാടനചടങ്ങിന് മുന്നോടിയായി നടന്നു. കളിക്കളം-2022ന്റെ ഭാഗ്യചിഹ്നമായ വിക്ടറിന്റെ സാന്നിധ്യത്തില്‍ മന്ത്രി കായികമേളയ്ക്ക് കൊടിയുയര്‍ത്തി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കി, വിദ്യാലയങ്ങളില്‍ മികച്ച കായിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്ത സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരം വേദിയാകുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ. വി. ധനേഷ് വിദ്യാര്‍ഥികള്‍ക്ക് കായിക പ്രതിജ്ഞ ചൊല്ലികൊടുത്തു.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും, 115 പ്രീമെട്രിക് /പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും ആയിരത്തിലധികം കായിക പ്രതിഭകള്‍ ”കളിക്കളം 2022” ല്‍ അണിനിരക്കും. നവംബര്‍ 10 വരെ തുടരുന്ന കായികമേളയില്‍ 74 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.