കുട്ടികളുടെ പ്രധാനമന്ത്രിയായി കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി അച്യുത് ആര്‍ നായരെ തെരഞ്ഞെടുത്തു. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അച്യുത് ആര്‍ നായര്‍ പ്രധാനമന്ത്രി പദത്തിന് അര്‍ഹത നേടിയത്. യു.പി.വിഭാഗം പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എസ്.കെ.എം.ജെ സ്‌കൂളിലെ എം.വി.ലിയോസാണ് പ്രസിഡന്റ്. യു.പി.വിഭാഗം പ്രസംഗത്തില്‍ രണ്ടാം സ്ഥാനം നേടിയ മാനന്തവാടി ജി.യു.പി.എസ്സിലെ എലിന്‍ റോസ് റോയിയാണ് സ്പീക്കര്‍. എല്‍.പി.വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ തരിയോട് സെന്റ് മേരീസ് സ്‌കൂളിലെ നിവേദ് ക്രിസ്റ്റി ജെയ്‌സനെ ശിശുദിനാഘോഷ ചടങ്ങില്‍ സ്വാഗത ഭാഷകനായും മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐ യിലെ ഡിയോണ്‍ ജോസഫ് ഷെമിയെ നന്ദി പ്രഭാഷകനായും തെരഞ്ഞെടുത്തു. യു.പി.വിഭാഗം പ്രസംഗമത്സരത്തില്‍ കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂളിലെ പി.എമില്‍ ഷാജ് മൂന്നാം സ്ഥാനം നേടി.

നവംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ ശിശുക്ഷേമസമിതി പ്രസിഡന്റായ ജില്ലാ കളക്ടര്‍ കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ശിശുദിന റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി കള്‍ അണിനിരക്കുന്ന റാലി എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് കുട്ടികളുടെ നേതൃത്വത്തില്‍ ശിശുദിന പൊതു സമ്മേളനം നടക്കും. ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രണ്ടുകോടി ഗോള്‍ അടിക്കുന്നതിന്റെ ഉദ്ഘാടനം കുട്ടികളുടെ പ്രധാനമന്ത്രി നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ മുജീബ് കേയംതൊടി ശിശുദിന സന്ദേശം നല്‍കും. പ്രസംഗമത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടക്കും