കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ആലങ്ങാട്, കരുമാലൂര്‍ പഞ്ചായത്തുകളില്‍ യുവജന ക്ഷേമ ബോര്‍ഡ് ശുചീകരണം ആരംഭിച്ചു. കാസര്‍കോഡ് മുതല്‍ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ പൊതുപ്രവര്‍ത്തകര്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍, യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായി. ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന സാങ്കേതിക വിദഗ്ദരും സംഘത്തിലുണ്ടായിരുന്നു.
സംഘങ്ങളായി തിരിഞ്ഞ് മുന്നൂറ്റി മുപ്പത് പേരടങ്ങുന്ന  സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വായനശാലകള്‍, അംഗന്‍വാടികള്‍ ആലങ്ങാട് വനിത വികസന കേന്ദ്രം , അന്‍പതിലധികം വീടുകള്‍ , കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംഘം വൃത്തിയാക്കി.  പ്രളയത്തെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ധാരാളം നാശനഷ്ടം സംഭവിച്ചിരുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങളായ എസ്. സതീഷ്, അഫ്‌സല്‍ കുഞ്ഞുമോന്‍ , മെമ്പര്‍  സെക്രട്ടറി ആര്‍.എസ്. കണ്ണന്‍, സീനിയര്‍ സൂപ്രണ്ട് ലിബി, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ കെ.ടി. അഖില്‍ദാസ് , ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സബിത സി.ടി, പഞ്ചായത്ത് മെമ്പര്‍ എല്‍ ആദര്‍ശ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രവി മോഹന്‍ , ആലങ്ങാട് പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ഹേമന്ദ് കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശങ്ങളില്‍ 28, 29 തീയതികളിലും ശുചീകരണ പ്രവര്‍ത്തനം നടക്കും.