അമ്മയുടെ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡിൽ താന്നിപ്പള്ളി വീട്ടിലെ 75 കാരനായ പി. ഡി ഗോപിദാസ്. സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയ ഗോപിദാസിന് പറയാനുള്ളത് അമ്മയുടെ ആഗ്രഹത്തെ കുറിച്ച് മാത്രം.
മകൻ പത്താം ക്ലാസ് വിജയിച്ചു സർക്കാർ ജോലിയിൽ പ്രവേശിക്കുക്കുക എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ ജീവിതസാഹചര്യം കൊണ്ട് ഗോപിനാഥന് അന്നത് സാധിച്ചില്ലെന്ന് മാത്രമല്ല ആറാം ക്ലാസിൽ പഠനവും ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് കയർ ഫാക്ടറി തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തു. ഇതിനിടയിലും വിദ്യാഭ്യാസം നേടുക എന്ന ആഗ്രഹം മനസ്സിൽ അണയാതെ ഉണ്ടായിരുന്നു . അതിൻ്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു നവയുഗ സാക്ഷരതാ പ്രത്യേക പ്രചരണ പരിപാടിയിൽ ഗോപിദാസിന് ലഭിച്ച ആദരവ്. അമ്പലപ്പുഴ സാക്ഷരതാ മിഷൻ
കോ-ഓർഡിനേറ്റർ പ്രകാശ് ബാബു വഴിയാണ് സർക്കാരിൻ്റെ തുല്യതാ പഠനത്തെ കുറിച്ച് ഗോപിദാസ് അറിയുന്നത്. 60 വർഷങ്ങൾക്ക് മുൻപ് അവസാനിച്ച വിദ്യാഭ്യാസം തുടരാൻ അത് വീണ്ടും കാരണമായി. തന്റെ ആഗ്രഹം വീട്ടിൽ അറിയിച്ചപ്പോൾ പൂർണ്ണ പിന്തുണയുമായി മകനും മരുമകളും ഗോപിദാസിനൊപ്പം നിന്നപ്പോൾ
കൊച്ചുമകൾ ആരാധ്യ മുത്തച്ഛന്റെ പ്രധാന അധ്യാപികയായി മാറി.ജ്യോതി നികേതൻ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ആരാധ്യ.നിലവിൽ ഹയർ സെക്കൻഡറി തുല്യത പഠിതാവാണ് ഗോപിദാസ്.