നവോത്ഥാനത്തിന്റെ തുടർച്ചയാണ് തുടർ വിദ്യാഭ്യാസമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. വിവര പൊതുജന സമ്പർക്ക വകുപ്പിന്റെയും ജില്ലാ സാക്ഷരതമിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവയുഗ സാക്ഷരത പ്രത്യേക പ്രചരണ പരിപാടിയുടെ ഉദ്ഘാടനം കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാക്ഷരതാ പ്രവർത്തനം, സാക്ഷരത യജ്ഞം, സാക്ഷരത മുന്നേറ്റം എന്നിവയെല്ലാം നമ്മുടെ നാട് പിൻകാലത്ത് കേട്ട വലിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദങ്ങളാണ്. സാക്ഷരത നമ്മുടെ നാട്ടിൽ നല്ല മനുഷ്യനെ വാർത്തെടുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. പ്രേരക്മാരെയും വിവിധ തല പരീക്ഷകളിൽ ഉന്നത വിജയം നേടിയ പഠിതാക്കളെയും പി.പി ചിത്തരഞ്ജൻ എംഎൽഎ ആദരിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി ഒലീന മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന പഠിതാവുമായി എം വി വിശ്വംഭരൻ , മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം എം. എസ് സന്തോഷ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ് മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ് സുമേഷ്, സാക്ഷരത മിഷൻ ജില്ലാ കോഡിനേറ്റർ കെ.വി രതീഷ്, അസിസ്റ്റന്റ് കോഡിനേറ്റർ ആർ. സിംല തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ചേർത്തല നഗരസഭാ സെക്രട്ടറി അഡ്വ. ടി. കെ സുജിത്, ആലപ്പുഴ കെഎസ്എഫ്ഇ മാനേജർ ബി വിനീതൻ, അധ്യാപകനും കവിയുമായ പുന്നപ്ര ജ്യോതി കുമാർ, കേരള മീഡിയ അക്കാദമി വിദ്യാർത്ഥികൾ എന്നിവർ ക്ലാസ്സെടുത്തു. വിവിധ പരിപാടികളും അരങ്ങേറി.