വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സമാപിച്ചു. മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നടന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, വയനാട് മുസ്ലിം ഓര്‍ഫനേജ്, എലൈറ്റ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളിൽ ആത്മവിശ്വാസം വളര്‍ത്താനും അവരുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജില്ലയിലെ 12 ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ 369 കുട്ടികള്‍ ഫെസ്റ്റില്‍ പങ്കെടുത്തു. കല്‍പ്പറ്റ എ.എസ്.പി. തപോഷ് ബസുമതാരി 12 ഹോമുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ടീം വിജയിച്ചു. മത്സരത്തില്‍ വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ രണ്ട് ഫുട്‌ബോള്‍ ടീമുകളും, ഷാരോണ്‍ ചില്‍ഡ്രന്‍സ് ഹോമിന്റെയും ഗവ. ചില്‍ഡ്രന്‍സ് ഹോമിന്റെയും ഓരോ ടീമുകളും പങ്കെടുത്തു. അത്‌ലറ്റിക് മീറ്റില്‍ ഏഴു മുതല്‍ 18 വയസ്സ് വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പങ്കെടുത്തു. അത്‌ലറ്റിക് മീറ്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട് മുസ്ലിം ഓര്‍ഫനേജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സി.എസ്.ഐ ബാലികമന്ദിരവും എവറോളിംഗ് ട്രോഫി നേടി. വിവിധ കലാപരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ. ജോസ്, കമ്മിറ്റി അംഗം ബിബിന്‍, ഓമന, വയനാട് മുസ്ലീം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി ജമാല്‍ സാഹിബ്, ഡബ്ലു.എം.ഒ ക്യാമ്പസ് മാനേജര്‍ മുജീബ് റഹ്‌മാന്‍ ഫൈസി, ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത തുടങ്ങിയവർ സംസാരിച്ചു.