മണ്ണിടിച്ചില്‍ തടയാന്‍ മുളകള്‍ എങ്ങനെ സഹായകരമാകുന്നുവെന്ന് വിശദമായി പഠിച്ച് ‘പശ്ചിമഘട്ട മേഖലയിലെ മുളകളുടെ പാരിസ്ഥിതിക സാമ്പത്തിക പ്രാധാന്യം’ എന്ന വിഷയത്തില്‍ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ഹ്യൂമനിറ്റിസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പ്രോജക്ട് മന്ത്രി റോഷി അഗസ്റ്റിന് സമര്‍പ്പിച്ചു. വിദ്യാര്‍ഥികള്‍ നടത്തിയ പ്രയത്‌നത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സയന്‍സ് അധ്യാപിക ശ്രീജ സി. വി.യുടെ മേല്‍നോട്ടത്തില്‍ പ്ലസ് ടു ഹ്യൂമനിറ്റിസ് വിദ്യാര്‍ത്ഥികളായ മാഗ്‌നോലിയ ബാബുസ്, ദിയ ബിജു എന്നിവര്‍ ചേര്‍ന്ന് നാല് മാസം കൊണ്ടാണ് വിശദമായ പ്രൊജക്റ്റ് തയാറാക്കിയത്.

ജില്ലയിലെ വിവിധ മേഖലകളില്‍ നേരിട്ട് പോയി പഠനം നടത്തിയാണ് പ്രൊജക്റ്റ് തയ്യാറാക്കിയത്. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളില്‍ 19 ന് നടക്കുന്ന ജൈവ വൈവിധ്യ കോണ്‍ഗ്രസ്, 26 ന് നടക്കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ് എന്നിവിടങ്ങളില്‍ പ്രോജക്ട് അവതരിപ്പിക്കും. സ്‌കൂളിലെ എന്‍. എസ്. എസ്. വിഭാഗം ഒരുക്കിയ എന്റെ കട സംരംഭത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.