കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ബുദ്ധിമുട്ടുകളും പരിഗണിക്കുമ്പോള്‍ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധന ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജല ദിനത്തിലെ കണക്കുകള്‍ പ്രകാരം 266 കോടി പേര്‍ ലോകത്തെമ്പാടും ശുദ്ധജല ലഭ്യതയ്ക്ക് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ശുദ്ധജല ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടത് അതീവ പ്രാധാന്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ഇതിന് ആവശ്യമായ പരിശോധനകള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ കഴിയുന്ന മാര്‍ഗം ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള പരിശോധനകളിലെ 16 ഇനങ്ങള്‍ ഇത്തരം ലാബുകളില്‍ പരിശോധിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ നിരക്കില്‍ പരിശോധനകള്‍ നടത്താന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടും.

ശുദ്ധജല ലഭ്യത ഉറപ്പുവരുത്താന്‍ നിയോജകമണ്ഡലത്തിലുടനീളം ഡാമുകളില്‍ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ജനങ്ങള്‍ക്കെത്തിക്കും. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ ഇതിനായി 715 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി കൊടുത്തതായി മന്ത്രി വ്യക്തമാക്കി. എല്ലാ വീടുകളിലും രണ്ട് വര്‍ഷം കൊണ്ട് ശുദ്ധജലം എത്തിക്കും. ഇതിന് പഞ്ചായത്തുകള്‍ സഹകരിക്കണമെന്ന് മന്ത്രി പ്രത്യേകം ആവശ്യപ്പെട്ടു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോള്‍ ഗ്രാമീണ മേഖലയില്‍ 17 ലക്ഷം വാട്ടര്‍ കണക്ഷനാണ് ഉണ്ടായിരുന്നത് . ഒന്നരവര്‍ഷക്കാലം കൊണ്ട് 13 ലക്ഷം കണക്ഷന്‍ കൊടുത്തതോടെ ഇത് 30 ലക്ഷം കടന്നു. വരുന്ന രണ്ടു വര്‍ഷക്കാലം കൊണ്ട് 40 ലക്ഷം കണക്ഷന്‍ കൂടി കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ മുഴുവന്‍ ശുദ്ധജലം എത്തിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് ഇതിനോടകം 40000 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത 14 ജില്ലകളിലുമായി 28 സ്‌കൂള്‍ ലബോറട്ടറികളിലാണ് ജലഗുണനിലവാര പരിശോധന ലാബുകള്‍ തുടങ്ങിയിട്ടുള്ളത്. പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാര പരിശോധനക്ക്് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വകുപ്പ് മുഖേന പരിശീലനവും നല്‍കും.
ചടങ്ങില്‍ കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മെമെന്റോ നല്‍കി അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി ആനിതോട്ടം, ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി. സാമൂവല്‍, ഭൂജല വകുപ്പിലെയും പൊതുവിദ്യാഭ്യസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.