സ്‌കൂള്‍ പ്രഭാത ഭക്ഷണ പരിപാടി സംസ്ഥാനത്താകെ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇടുക്കി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ കാമ്പയിന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാമ്പാടുംപാറ പി. ടി. എം. എല്‍. പി. സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ പുരോഗതി വിലയിരുത്തി സംസ്ഥാനത്തൊട്ടാകെ പദ്ധതി പ്രായോഗികമാക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. സംസ്ഥാനത്തൊട്ടാകെ 12,051 സ്‌കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ഏകദേശം 29 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

പദ്ധതിയുടെ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നിറവേറ്റി വരുന്നത്. ഇതോടൊപ്പം ആഴ്ചയില്‍ രണ്ടു ദിവസം പാല്‍, ഒരു ദിവസം മുട്ട അല്ലെങ്കില്‍ നേന്ത്രപ്പഴം എന്നിവ നല്‍കുന്ന സമഗ്ര പോഷകാഹാര പദ്ധതിയും കാര്യക്ഷമമായാണ് നടപ്പാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 2200-ഓളം സ്‌കൂളുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ പി. ടി. എ. യുടെയും നേതൃത്വത്തില്‍ നിലവില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി വരുന്നുണ്ട്. ഇത് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും. ഇതിനുള്ള മികച്ച ശ്രമമാണ് ഇടുക്കിയിലെ ‘ഒരുമയോടെ ഒരു മനസ്സായി’ പ്രഭാത ഭക്ഷണ പരിപാടി’-മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രഭാത ഭക്ഷണ പരിപാടി സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് പുതിയൊരു കാല്‍വെപ്പാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് എം. എം. മണി എം. എല്‍. എ. പറഞ്ഞു.

സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടി കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുന്നതിനായി പൊതുജന സഹകരണത്തോടെ ജില്ലയില്‍ നടത്തുന്ന കാമ്പയിനാണ് ‘ഒരുമയോടെ ഒരു മനസ്സായി’. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ഉദ്യോഗസ്ഥര്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരുടെ ജന്മദിനം പോലുള്ള സന്തോഷകരമായ നിമിഷങ്ങള്‍ സ്‌കൂള്‍ കുട്ടികളുമായി ചേര്‍ന്ന് പങ്കിടലാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടനുബന്ധിച്ചാണ് ജനകീയ പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചിരിക്കുന്നത്.

ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം. പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. കുഞ്ഞ്, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബിന്ദു കെ., നൂണ്‍ ഫീഡിങ് സൂപ്പര്‍ വൈസര്‍ സൈമണ്‍ പി. ജെ., നൂണ്‍ മീല്‍ ഓഫീസര്‍ കെ. സി. സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.