കുട്ടികൾക്ക് കലാ സൃഷ്ടികൾ സ്വാതന്ത്രമായി അവതരിപ്പിക്കാൻ അവസരം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കട്ടപ്പന സബ് ജില്ലാ കലോത്സവം ചിലമ്പൊലി ‘2022 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവങ്ങൾ ഭാവിയിലേക്ക് ഉള്ള ചൂണ്ടു പലക ആണ്. വിജയവും തോൽവിയും ആപേക്ഷികമാണെന്നും മത്സരങ്ങൾ മാതാപിതാക്കൾ, സ്കൂൾ, അധ്യാപകർ എന്നിവർ തമ്മിൽ നടത്താതെ കുട്ടികൾ തമ്മിൽ ആയിരിക്കണം. മത്സരങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്ക് വഴിയാകാതെയിരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

കുട്ടികളിൽ അന്തർലീനമായ കഴിവുകൾ പ്രോത്സാഹിപ്പിക്കണം. പഠനത്തോടൊപ്പം കലാ-കായിക കഴിവുകളും പ്രോത്സാഹിപ്പിക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടികളുടെ കഴിവുകൾ വളർത്താനുള്ള അവസരം ആണിത്. സ്റ്റേജിൽ വാശിയോട് കൂടിയ മത്സരവും സ്റ്റേജ് വിട്ടാൽ സ്നേഹത്തോടെയും പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ശാസ്ത്രോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച അടിമാലി കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് സ്കൂളിനെയും സാമൂഹ്യ ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കല്ലാർ ഹയർ സെക്കണ്ടറി സ്കൂളിനെയും മന്ത്രി ചടങ്ങിൽ ആദരിച്ചു. കലോത്സവത്തിന് ലോഗോ നിർമിച്ച
മേരികുളം എസ്എം എച്ച് എസ് എസ് ലെ റിയ ജയ്‌മോനെയും മന്ത്രി ആദരിച്ചു. ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ മുഖ്യാതിഥി ആയിരുന്നു.

താളമേളങ്ങളുടെ അകമ്പടിയോടു കൂടി 1.30 ന് സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച വർണാഭവമായ ഘോഷയാത്രയിൽ സ്കൂൾ വിദ്യാർത്ഥികളടക്കം ആയിര കണക്കിന് ആളുകളാണ് പങ്കെടുത്തത്. ലഹരിമുക്ത സന്ദേശങ്ങളടങ്ങിയ പ്ലോട്ടുകൾ, ചാച്ചാ നെഹ്‌റു, മഹാത്മാ ഗാന്ധി, ഇന്ദിരഗാന്ധി മുതൽ വിവിധ സാംസ്‌കാരിക നേതാക്കളുടെ വേഷമണിഞ്ഞ കുട്ടികൾ, മതമൈത്രി സന്ദേശം നൽകുന്ന വേഷവിതാനങ്ങളോട് കൂടിയവരും ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി.

മുരിക്കാശ്ശേരി സെന്റ് മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി ചന്ദ്രൻ, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഷൈനി സജി, ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ എബി തോമസ്, ഡിക്ലർക് സി. എസ്, സിബിച്ചൻ തോമസ്, സുനിത സജീവ്, ഇടുക്കി രൂപത മെത്രാൻ ജോൺ നെല്ലിക്കുന്നേൽ, രൂപത വിദ്യാഭ്യാസ സെക്രട്ടറി ജോർജ് തകിടിയേൽ, കോട്ടയം ആർ.ഡി. ഡി സന്തോഷ്‌ കുമാർ എം തുടങ്ങി വിവിധ രാഷ്ട്രീയ – സാംസ്കാരിക നേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.