ലഹരിക്കെതിരെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി ഉപയോഗവും വിതരണവും കലാലയ ക്യാമ്പസുകളെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് വസ്തുത. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഈ വിഷയത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ക്യാമ്പസില്‍ കൂടുതല്‍ നേതൃപാടവം പ്രകടിപ്പിക്കാന്‍ കഴിയുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കാണ്. നിയമ വ്യവസ്ഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാമൂഹ്യ അവബോധം വളര്‍ത്തുവാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ശ്രദ്ധിക്കുവാനും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ഓരോ കേഡറ്റും പ്രതിജ്ഞാബദ്ധരായിരിക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ പോലീസ് സേനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേഡറ്റുകള്‍ ഉദാത്തമായ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

മൂന്ന് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 44 കേഡറ്റുകളാണ് രണ്ട് പ്ലറ്റൂണുകളിലായി പാസിങ് ഔട്ട് പരേഡില്‍ അണിനിരന്നത്. മികച്ച കേഡറ്റുകള്‍ക്ക് ചടങ്ങില്‍ മന്ത്രി മെമെന്റോ സമ്മാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജോമോന്‍ വെട്ടിക്കാല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സുമോദ് ജോസഫ്, ഉപ്പുതറ പോലീസ് എസ്. എച്ച്.ഒ. ഇ. ബാബു, സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് കുളംപള്ളി, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.