ഉദയം ഹോം മാതൃകാപരമായ പദ്ധതിയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ഹോം സന്ദർശിച്ച ശേഷം അന്തേവാസികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന വകുപ്പാണ് സാമൂഹ്യനീതി വകുപ്പെന്നും ഹോമിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുവെന്നും മന്ത്രി പറഞ്ഞു.തുടർന്ന് അന്തേവാസികളുമായി മന്ത്രി സംവദിക്കുകയും ചെയ്തു.

തെരുവിൽ കഴിയുന്നവർ, ആശ്രയമില്ലാത്തവർ, വിവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ട് പോയവർ തുടങ്ങിയവരെ പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പദ്ധതിയാണ് ജില്ലയിലെ ഉദയം ഹോം.

ജില്ലാ ഭരണകൂടവുമായി ചേർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് നടപ്പിലാക്കുന്ന ഉദയം ഹോമുകൾ ചേവായൂർ, മാങ്കാവ്, വെള്ളിമാട്കുന്ന്, വെള്ളയിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹോമിൽ എത്തിച്ചേരുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്.

തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് അവ ലഭ്യമാക്കുക, സ്ഥിരം തൊഴിലവസരങ്ങൾ ഉറപ്പുവരുത്തുക, കുടുംബവുമായുള്ള ബന്ധം പുനസ്ഥാപിക്കുക, സാമൂഹ്യ പെൻഷൻ പോലുള്ള സർക്കാർ- സർക്കാരിതര സേവനങ്ങൾ ഉറപ്പാക്കുക, തുടർ വിദ്യാഭ്യാസവും തൊഴിൽ നൈപുണി വികസനവും ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ ഉദയം ഹോമുകൾ ചെയ്തുവരുന്നു. നിലവിൽ മൂന്ന് ഹോമുകളിലുമായി 280ലേറെ താമസക്കാരുണ്ട്.

ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ഡെപ്യൂട്ടി കലക്ടർ അനിത കുമാരി, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസറും ഉദയം ഹോം ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ അഷ്‌റഫ്‌ കാവിൽ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, വാർഡ് കൗൺസിലർ ഡോ പി എൻ അജിത എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.