നെല്ലുസംഭരണ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ കർഷകരിൽ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിനായി സർക്കാർ 129 കോടി രൂപ കൂടി അനുവദിച്ചു. ഈ സംഭരണ സീസണിൽ നെല്ലുനൽകിയിട്ടുള്ള മുഴുവൻ കർഷകർക്കും നെല്ലിന്റെ വില നാളെ മുതൽ ലഭിക്കുന്നതിനാണിതെന്നു ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. കർഷകർക്ക് ഭാവിയിൽ നെല്ല് സംഭരിച്ചാൽ ഉടൻ പണം ലഭ്യമാക്കുന്നതിനായി സപ്ലൈകോ കേരള ബാങ്കുമായി കരാറിലേർപ്പെടുന്നതിനു ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.