തേക്കിന്‍തണ്ട് – പള്ളികുടി സിറ്റി റോഡിന്റെ നിര്‍മാണ ഉദ്ഘാടനം പള്ളികുടി സിറ്റിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പുതിയ റോഡുകള്‍ നാടിന്റെ വികസനത്തിന്റെ അടിസ്ഥാനമാണെന്നും ഓരോ വീടിന്റെ മുന്നിലൂടെയും റോഡുകള്‍ വരുന്ന കാലം വിദൂരമല്ലെന്നും മന്ത്രി പറഞ്ഞു. കായിക പരിശീലനം ചെയ്യുന്ന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് അനുവദിക്കാന്‍ കളിക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പരിശീലന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാമെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
യോഗത്തില്‍ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രാദേശവാസിയയ വിദ്യാര്‍ത്ഥി അള്‍ട്ടോ റോബിന്‍സന്‍ മന്ത്രിയുടെ പെന്‍സില്‍ ചിത്രം വരച്ച് മന്ത്രിക്ക് സമ്മാനിച്ചു.
വാത്തികുടി ഗ്രാമപഞ്ചായത്തിലെ പെരിയാര്‍വാലി, പള്ളികുടിസിറ്റി, മാങ്കുത്ത് മേഖലയിലെ ആളുകളുടെ ചിരകാല അഭിലാഷമായിരുന്നു സഞ്ചാരയോഗ്യമായ റോഡ് എന്നത്. വാത്തിക്കുടി, കൊന്നത്തടി, കഞ്ഞിക്കുഴി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 860 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണ ചിലവ് 2 കോടി എഴുപത് ലക്ഷം രൂപയാണ്. റോഡ് നിര്‍മാണത്തോടൊപ്പം പള്ളിസിറ്റി മാങ്കോത്ത് പാലം, കലുങ്ക്, കെട്ടുകളും ഉള്‍പ്പെടുന്നുണ്ട്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിബിച്ചന്‍ തോമസ്, വിജി വിജില്‍, സുനിത സജീവ്, റോണിയോ എബ്രഹാം, മിനി സിബിച്ചന്‍ മുരിക്കാശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ. എന്‍. ചന്ദ്രന്‍, ഫാ. വര്‍ഗീസ് മറ്റത്തില്‍, ഫാ. കുര്യാക്കോസ് മറ്റം, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ പങ്കെടുത്തു.