കോട്ടയം: ഗ്രാമീണം മുത്തോലി അഗ്രികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത വിഷരഹിത വെണ്ട കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫിന് ആദ്യ വിൽപ്പന നടത്തിയാണ് ഉദ്ഘാടനം ചെയ്തത്.

 

2000 തൈകളാണ് നട്ടത്. 44 ദിവസം പ്രായമായ തൈകളിൽ നിന്നും പാകമായവയാണ് വിളവെടുത്തത്. ഡ്രിപ്പ് ഇറിഗേഷൻ രീതി ഉപയോഗിച്ച് കമാൻഡോ വിഭാഗത്തിൽപെട്ട തൈകളാണ് കൃഷി ചെയ്തത്.
പഞ്ചായത്തിലെ പതിനെട്ടു കാർഷിക ഗ്രൂപ്പുകളെ ഉൾപ്പെടുത്തി അഞ്ച് മാസം മുൻപാണ് ഗ്രാമീണ മുത്തോലി എന്ന പേരിൽ കാർഷിക വികസന സൊസൈറ്റി ആരംഭിച്ചത്.
സൊസൈറ്റിയുടെ നേതൃത്വത്തിൽ 12 ഏക്കർ സ്ഥലത്ത് നെൽക്കൃഷിയുമുണ്ട്. മൊത്തം 20 ഏക്കറിലാണ് കൃഷി. വെണ്ടയ്ക്കും നെല്ലിനും പുറമെ കപ്പ, മുളക്, വിവിധ പയർ വർഗ്ഗങ്ങൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. 20 വ്യത്യസ്ത ഇനങ്ങളിൽ പെട്ട കപ്പയും ടെറാ വിഭാഗത്തിൽപെട്ട മുളകുമാണ് കൃഷി ചെയ്യുന്നത്.

പഞ്ചായത്തിൽനിന്നും കൃഷി ഭവനിനിന്നും വിവിധ കൃഷികൾക്കായുള്ള സബ്സിഡിയും ലഭ്യമാക്കിയിട്ടുണ്ട്.
സൊസൈറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ഇക്കോ ഷോപ്പ് വഴി ഉത്പന്നങ്ങൾ വിറ്റഴിക്കും എന്ന് ഗ്രാമീണം മുത്തോലി പ്രസിഡന്റ് എൻ.കെ. ശശികുമാർ പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ, വൈസ് പ്രസിഡന്റ് ജയാ രാജു, പഞ്ചായത്തംഗങ്ങൾ, ഗ്രാമീണം മുത്തോലി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.