ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ (വ്യാഴം) ജില്ലയില്‍ ആരോഗ്യമേഖലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ബേഗൂര്‍ എഫ്എച്ച്സി കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. 11.30 ന് മാനന്തവാടി റസ്റ്റ് ഹൗസില്‍ ഗവ. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തന പുരോഗതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് തിരുനെല്ലി, പനവല്ലി, കൂമ്പാരക്കുനി, അരണപ്പാറ, തെക്കോട്ട് കോളനി, പുതുശ്ശേരിക്കടവ്, എള്ളുമന്ദം, കല്ലോടി, കുഴിനിലം, കുന്നമംഗലം, തേറ്റമല, ചെറുകര, ബാവലി, ഏച്ചോം സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കിയതിന്റെ പ്രഖ്യാപനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30 ന് ഇസിആര്‍പി-2 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ തയ്യാറാക്കിയ പീഡിയാട്രിക് ഓക്സിജന്‍ ബെഡ് ഐസിയു ഉദ്ഘാടനം ചെയ്യും. എന്‍.എച്ച്.എം രണ്ടു കോടി രൂപ ചെലവില്‍ നിര്‍മിച്ച വാഴവറ്റ എഫ്.എച്ച്.സിയുടെ പുതിയ കെട്ടിടം 2.20.ന് മന്ത്രി ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ഇസിആര്‍പി-2 പീഡിയാട്രിക് ഓക്സിജന്‍ ബെഡ് ഐ.സി.യു, ചീക്കല്ലൂര്‍, എടപ്പെട്ടി, കുന്നമ്പറ്റ, തൃക്കൈപ്പറ്റ, പനങ്കണ്ടി, മെച്ചന, കല്‍പ്പറ്റ സൗത്ത്, കൈനാട്ടി, പേരാല്‍, കുറുമ്പാല, കാലിക്കുനി, അത്തിമൂല, വാരാമ്പറ്റ, ചുണ്ടേല്‍ എന്നിവിടങ്ങളിലെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 3.30.ന് സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി ഒപിഡി ട്രാന്‍സ്ഫര്‍മേഷന്‍, ഇസിആര്‍പി-2 പീഡിയാട്രിക് ഓക്സിജന്‍ ബെഡ് ഐസിയു എന്നിവയുടെ ഉദ്ഘാടനം. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയ്ക്കു കീഴിലെ വേങ്ങൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കുപ്പാടി, അമരക്കുനി, ആടിക്കൊല്ലി, ചാമപ്പാറ, പട്ടാണിക്കൂപ്പ്, ശശിമല, വടക്കനാട്, മൂഴിമല ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ ഓണ്‍ലൈന്‍ പ്രഖ്യാപനവും നടക്കും.

ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍

ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന ആരോഗ്യ സേവനങ്ങള്‍ വീടുകളിലെത്തിച്ച് സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക യെന്നതാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളുടെ ലക്ഷ്യം. ഗര്‍ഭാവസ്ഥയിലും പ്രസവത്തിലും പരിചരണം ഉറപ്പുവരുത്തുക, നവജാതശിശുക്കളുടെ ആരോഗ്യ പരിപാലനം, ബാല്യ-കൗമാര ആരോഗ്യ പരിപാലന സേവനങ്ങള്‍, കുടുംബാസൂത്രണം, ഗര്‍ഭനിരോധന സേവനങ്ങള്‍, പ്രത്യുല്‍പാദന ആരോഗ്യ പരിപാലന സേവനങ്ങള്‍, സാംക്രമിക രോഗ നിയന്ത്രണങ്ങളുടെയും ദേശീയ ആരോഗ്യ പരിപാടികളുടെയും നടത്തിപ്പ്, സാധാരണ സാംക്രമിക രോഗങ്ങളുടെ ചികിത്സ, ലളിതമായ അസുഖങ്ങള്‍ ക്കുള്ള പരിചരണം, പ്രഥമശുശ്രൂഷ, ജീവിതശൈലീ രോഗങ്ങളുടെ സ്‌ക്രീനിങ്, റഫറല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കണ്ണ്, ചെവി, മൂക്ക് എന്നിവയുടെ പ്രശ്നങ്ങള്‍ക്കുള്ള പരിചരണം, ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാം, വയോജന സാന്ത്വന ആരോഗ്യ പരിപാലന സേവനങ്ങള്‍, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ്, മാനസികാരോഗ്യ പ്രശ്നങ്ങളുടെ സ്‌ക്രീനിങ്, റഫറല്‍ സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളില്‍ ലഭ്യമാകും. ആഴ്ചയില്‍ ആറു ദിവസവും വ്യത്യസ്ത ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. തിങ്കള്‍- പോഷകാഹാര ക്ലിനിക്ക് ചൊവ്വ- ജെറിയാട്രിക് (വയോജന സൗഹൃദ) ക്ലിനിക്ക്, ബുധന്‍- കുട്ടികള്‍ക്കുള്ള ക്ലിനിക്ക് (0 മുതല്‍ 5 വയസ്സ്), വ്യാഴം- ജീവിതശൈലീ രോഗ നിര്‍ണയ /നിയന്ത്രണ ക്ലിനിക്ക്, വെള്ളി- വെല്‍ വിമന്‍ ക്ലിനിക്ക് (ആന്റിനാറ്റല്‍, പോസ്റ്റ് നാറ്റല്‍), ശനി- കൗമാര ആരോഗ്യ ക്ലിനിക്ക് എന്നിവയാണവ. എന്‍.എച്ച്.എം ഫണ്ട് രണ്ടു കോടി രൂപ ചെലവില്‍ രണ്ടു ഘട്ടങ്ങളായി 30 സബ് സെന്ററുകളും ഹഡ്കോ സി.എസ്.ആര്‍ ഫണ്ട് 32 ലക്ഷം രൂപ ചെലവില്‍ ആറു സബ് സെന്ററുകളുമാണ് നിലവില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി മാറ്റിയത്.

പീഡിയാട്രിക് ഓക്സിജന്‍ ബെഡ് ഐസിയു

എമര്‍ജന്‍സി കോവിഡ് റെസ്പോണ്‍സ് പാക്കേജിന്റെ (ഇസിആര്‍പി-2) ഭാഗമായാണ് മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പീഡിയാട്രിക് ഓക്സിജന്‍ ബെഡ് ഐസിയു തയ്യാറാക്കിയത്. ഇതിനായി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന 138.58 ലക്ഷം രൂപ ചെലവിട്ടു. ജില്ലാ ആശുപത്രിയില്‍ 59.4 ലക്ഷം രൂപ ചെലവിട്ട് 30 ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡ്, 8 ബെഡ് എച്ച്.ഡി.യു (ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്), 4 ബെഡ് ഐ.സി.യു എന്നിവയും അനുബന്ധ ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തീകരിച്ചു. ആര്‍ട്കോ, സില്‍ക്ക് എന്നിവയാണ് നിര്‍വഹണ ഏജന്‍സികള്‍. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ 15 ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡ്, 4 എച്ച്.ഡി.യു കിടക്കകള്‍, 2 ഐ.സി.യു കിടക്കകള്‍ എന്നിവ സജ്ജമാക്കി. 32.7 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ 12 ലക്ഷം രൂപ ചെലവഴിച്ച് 10 ഐ.സി.യു. കിടക്കകളും അനുബന്ധ ഇലക്ട്രിക്കല്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ 34.48 ലക്ഷം രൂപ ചെലവില്‍ 15 ഓക്‌സിജന്‍ സപ്പോര്‍ട്ടഡ് ബെഡ്, 4 എച്ച്.ഡി.യു ബെഡ്, 2 ഐ.സി.യു ബെഡ് എന്നിവയും ഇലക്ട്രിക്കല്‍ ജോലികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി എന്നിവിടങ്ങളിലെ നിര്‍വഹണ ഏജന്‍സി ജില്ലാ നിര്‍മിതി കേന്ദ്രയാണ്.

ബേഗൂര്‍ എഫ്എച്ച്സി കെട്ടിടം

ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസിന് കീഴില്‍ ഫോറസ്റ്റ് ഡിസ്പെന്‍സറി എന്ന പേരില്‍ കാട്ടിക്കുളത്ത് ആരംഭിച്ച സ്ഥാപനം 1990 ലാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തത്. 1991 ല്‍ ആറു തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം വാടകക്കെട്ടിടത്തിലായിരുന്നു. 2014 ല്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ചു. 2015 ല്‍ അപ്പപ്പാറ പിഎച്ച്സിയുടെ കീഴിലുണ്ടായിരുന്ന ചില ജെഎച്ച്ഐ വിഭാഗവും സബ് സെന്ററും ബൈഫ്രിക്കേഷന്‍ മുഖേന ഈ സ്ഥാപനത്തിലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് ഏഴു തസ്തികകള്‍ അധികമായി വന്നു. 2019ല്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു തസ്തികകള്‍ കൂടി സൃഷ്ടിച്ചു. നിലവില്‍ 18 തസ്തികകള്‍ ഇവിടെയുണ്ട്. 2020 ഫെബ്രുവരിയില്‍ പഞ്ചായത്തിന്റെ കെട്ടിടത്തില്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഒന്നാംനിലയുടെ ഉദ്ഘാടനവും ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനവുമാണ് ഇന്നു (17.11.2022) നടക്കുന്നത്. ചടങ്ങില്‍ ഒ.ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ് റിപ്പോര്‍ട്ടും പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബെന്നി ജോണ്‍ ടെക്നിക്കല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, ഡിപിഎം ഡോ. സമീഹ സൈതലവി തുടങ്ങിയവര്‍ സംസാരിക്കും.

വേങ്ങൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍

സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കീഴില്‍ കുപ്പാടിയിലാണ് ജില്ലയിലെ രണ്ടാമത്തെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തന മാരംഭിക്കുന്നത്. 2400 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം. കെട്ടിടത്തിന്റെ ഉള്‍വശം നവീകരിക്കുന്നതിന് നഗരസഭയുടെ പ്ലാന്‍ ഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ചു. മെഡിക്കല്‍ ഓഫിസര്‍- 1, സ്റ്റാഫ് നഴ്സ്- 2, ലാബ് ടെക്നീഷ്യന്‍- 1, ഫാര്‍മസിസ്റ്റ്- 1, സപ്പോര്‍ട്ടിങ് സ്റ്റാഫ്- 1 എന്നിങ്ങനെ ജീവനക്കാരെ എന്‍.എച്ച്.എം നിയമിച്ചിട്ടുണ്ട്. നഗരാരോഗ്യ കേന്ദ്രത്തിലെ ഉപകരണങ്ങള്‍ അടക്കമുള്ള ഭൗതിക സംവിധാനങ്ങളും അവശ്യമരുന്നുകളും എന്‍എച്ച്എം ഉറപ്പുവരുത്തിയിട്ടുണ്ട്.