മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് പരിപാടിക്കു തുടക്കമായി. ക്യാംപെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ മലയാളികളും ഗോൾ ചലഞ്ചിന്റെ ഭാഗമാകണമെന്ന് ഉദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തെ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗംകൂടിയാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുക്കിലും മൂലയിലും അലയടിക്കുന്ന ഫുട്ബോൾ ആവേശം ലഹരിക്കെതിരായ പോരാട്ടംകൂടിയാകണം. അതിന്റെ ഭാഗമായി രണ്ടു കോടി ഗോളുകൾ അടിക്കാനാണ് ഗോൾ ചാലഞ്ചിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. മയക്കുമരുന്നിനെതിരേ ഫുട്ബോൾ ലഹരിയെന്ന ഈ പരിപാടി എല്ലാ വാർഡിലും വിദ്യാലയങ്ങളിലും അൽക്കൂട്ടങ്ങളിലും പൊതു ഇടങ്ങളിലും സജീവമായി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടം ഊർജസ്വലമാകുന്നതിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് ഉ്ദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ലഹരിയുടെ ഉപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്നാണു കണ്ടെത്തൽ. ഈ വിപത്തിൽനിന്നു കേരളത്തെ മോചിപ്പിക്കുകയെന്നതാണു സർക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഒരേ സമയം എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തിയും ജനങ്ങളെ അണിനിരത്തിയുമാണ് മയക്കുമരുന്നിനെതിരേ കേരളം പോരാടുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളം പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. കക്ഷിരാഷ്ട്രീയ ജാതി മത, ലിഗംഭേദമില്ലാതെ മലയാളികൾ ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ഗോൾ ചാലഞ്ചിനു തുടക്കമിട്ട് വേദിക്കരികിൽ ഒരുക്കിയ ഗോൾ പോസ്റ്റിൽ മന്ത്രിമാർ ഗോളടിച്ചു. തുടർന്നു വിശിഷ്ടാതിഥികളും വിദ്യാർഥികളുമെല്ലാം ഗോൾ പോസ്റ്റിൽ ലഹരിക്കെതിരായ ഗോളുകൾ നിറച്ചു. ആദ്യ ദിനത്തിൽ ഉദ്ഘാടന വേദിയിൽത്തന്നെ 1272 ഗോളുകൾ രേഖപ്പെടുത്തി. വി.കെ. പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്ണൻ, അഡിഷണൽ എക്സൈസ് കമ്മിഷണർ ഡി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
മയക്കുമരുന്നിനെതിരായ നോ ടു ഡ്രഗ്സ് ബഹുജന ക്യാംപെയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണു ഗോൾ ചലഞ്ച് സംഘടിപ്പിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും. തദ്ദേശ സ്വയം ഭരണ വാർഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ ഒരു പോസ്റ്റ് തയ്യാറാക്കി, എപ്പോൾ വേണമെങ്കിലും ആർക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോൾ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും ‘നോ ടു ഡ്രഗ്സ്’ എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോൾ ചലഞ്ച് ഉദ്ഘാടനവും പെനാൾട്ടി ഷൂട്ടൗട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും.
അടിക്കുന്നയാളിന്റെ പേരും ഗോളുകളുടെ എണ്ണവും രേഖപ്പെടുത്താനും സംവിധാനം ഒരുക്കാം. ചലഞ്ച് അവസാനിക്കുമ്പോൾ ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദർശന കേന്ദ്രങ്ങൾക്കു സമീപം പോസ്റ്റുകളൊരുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകൾ പ്രദർശിപ്പിക്കും. കളിക്കു മുൻപും ഇടവേളയിലും ഫുട്ബോൾ, മയക്ക്മരുന്ന് വിരുദ്ധ ചർച്ചകൾ സംഘടിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.