കൊരട്ടി പഞ്ചായത്തിൻ്റെ വികസന മാതൃകകൾ പഠിക്കാൻ ഉത്തർപ്രദേശ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് സന്ദർശിച്ചു. ഉത്തർപ്രദേശിലെ 18 പഞ്ചായത്ത് പ്രസിഡൻ്റുമാരും ഉയർന്ന ഉദ്യോഗസ്ഥരുമാണ് സന്ദർശിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾ, ശുചിത്വ പ്രവർത്തനങ്ങൾ, കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് ഓഫിസ് തുടങ്ങിയ സംവിധാനങ്ങൾ സംഘം മനസിലാക്കി.

ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തികരിച്ച ഹരിത കർമ്മ സേനയുടെ പ്രവർത്തനം, മാലിന്യ സംസ്ക്കരണ പ്ലാൻ്റ്, ടേക്ക് എ ബ്രേക്ക് പദ്ധതി, ജലസംരക്ഷണം, ഗ്യാസ് ക്രിമറ്റോറിയം, കുടുംബശ്രീയുടെ തയ്യൽ യൂണിറ്റ്, ഹൈടെക്ക് അംഗനവാടി, കൊരട്ടി പഞ്ചായത്ത് സ്കൂൾ, സ്മാർട്ട് ക്ലാസ്സ് മുറികൾ, ജലസംഭരണ കുളങ്ങൾ, സോളാർ സംവിധാനം തുടങ്ങിയവയെക്കുറിച്ചും സംഘം വിശദമായ പഠനം നടത്തി.

എല്ലാ വീടുകളിലെയും ഒരോ അംഗങ്ങളെ, പ്രത്യേകിച്ച് വയോജനങ്ങളെ, ഇ-ഗവേൺൻസ് സേവനങ്ങൾ വേഗത്തിൽ ഉപയോഗപ്പെടുത്താൻ പരിശീലിപ്പിക്കുന്ന ഇ-അസറ്റ് പദ്ധതിയെ കുറിച്ച് കൊരട്ടി പഞ്ചായത്ത് പ്രതിനിധികൾ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.

ഉത്തർപ്രദേശ് സംസ്ഥാന പഞ്ചായത്ത് അഡിഷ്ണൽ ഡെപ്യൂട്ടി കമ്മിഷണർ ബ്രിജേഷ് കുമാർ ത്രിപാഠി, സംസ്ഥാന പഞ്ചായത്ത് കോർഡിനേറ്റർ സുനിത സിംഗ്, മഥുര ജില്ല പഞ്ചായത്ത് ഡയറക്ടർ കിരൺ ചൗധരി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്ഥിരം സമതി ചെയർമാൻമാരായ കെ.ആർ.സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, പഞ്ചായത്ത് അംഗങ്ങളായ, പി.ജി. സത്യാപാലൻ, വർഗ്ഗീസ് പയ്യപ്പിള്ളി പഞ്ചായത്ത് സെക്രട്ടറി എൻ.കെ.ജ്യോതിഷ്കുമാർ, ഡോ. ദീപ പിള്ള, കില ഫാക്കൽറ്റി അംഗം കെ ശ്രീരിഷ എന്നിവർ ഉത്തർപ്രദേശ് സംഘത്തെ സ്വീകരിച്ചു.