സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു. സെൻട്രൽ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസേഴ്സ് ആണ് ബ്ലോക്ക്‌ സന്ദർശിച്ചത്. പ്രാദേശിക വികസന സാധ്യതകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും അതിന്റെ കടമകളും ഉത്തരവാദിത്തങ്ങളും പഠിക്കുന്നതിനും നേരിൽ കണ്ടു മനസ്സിലാക്കുന്നതിനുമായാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചത്.

കേരളത്തിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനുമായാണ് സന്ദർശനം. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതികളെ പ്രത്യേകമായെടുത്തു പഠിക്കുന്ന സംഘം ബ്ലോക്ക് സന്ദർശനത്തിനു ശേഷം വെള്ളാങ്കല്ലൂർ പ്രൈമറി ഹെൽത്ത് സെന്ററും പൈങ്ങോട് ഗവ. എൽപി സ്കൂളും റെയിൻബോ അംഗൻവാടിയും സന്ദർശിച്ചു. 44 ഉദ്യോഗസ്ഥർ ആണ് സംഘത്തിലുള്ളത്. കിലയിൽ നിന്നും ആണ് ഇവർ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് വന്നത്.

ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ സംഘത്തിന് സ്വാഗതം ആശംസിച്ചു. ബിഡിഒ ദിവ്യ കുഞ്ഞുണ്ണി, ക്ലർക്ക് സമീർ, പി ആൻഡ് എം സിന്ധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ രാഘവൻ തുടങ്ങിയവർ ബ്ലോക്ക് പദ്ധതികളെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. പി വി രാമകൃഷ്ണൻ, യു മഹേഷ് മാസ്റ്റർ, സുഗതൻ, സുജാത തുടങ്ങിയവർ മോഡറേറ്റർമാരായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, പ്രസന്ന അനിൽകുമാർ, സുരേഷ് അമ്മനത്ത്, അസ്മാബി ലത്തീഫ്, ബീന സുധാകരൻ, ടെസ്സി ജോയ് കൊടിയൻ, കെ ബി ബിനോയ്, രാജേഷ് അശോകൻ, രഞ്ജിനി ശ്രീകുമാർ, സുധ ദിലീപ് തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്തു.