വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ‘ഹാലോ-22’ ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ”നമ്മ ഊര് നമ്മ മക്ക” എന്ന പേരില്‍ അര്‍ദ്ധ ദിന കമ്മ്യുണിറ്റി ലെവല്‍ ക്യാമ്പ് നാളെ (ഞായര്‍) നടക്കും. ജില്ലാ ശിശു സംരക്ഷണ യുണിറ്റിന്റെ കാവല്‍ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പൂതാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ സഹകരണത്തോടെ പൂതാടി പഞ്ചായത്തിലെ തെങ്ങുംമൂട്കുന്ന് കോളനിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് രാവിലെ 9.30 ന് പഞ്ചായത്ത് മെമ്പര്‍ പി. ഷൈലജ ഉദ്ഘാടനം ചെയ്യും. പലവിധ കാരണങ്ങള്‍ കൊണ്ട് പഠനം ഉപേക്ഷിച്ച ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപ്പറ്റിയും, അതിക്രമങ്ങള്‍ക്കെതിരെ നിയമബോധവല്‍ക്കരണം നല്‍കുന്നതിനും, ജീവിത നൈപുണികള്‍ വികസിപ്പിച്ചെടുക്കാനും ഗോത്ര ഭാഷയില്‍ കുട്ടികളോട് സംവദിക്കാനുള്ള വേദി ഒരുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ ഗോത്ര വിഭാഗത്തില്‍ നിന്നും വിവിധ മേഖലകളിലെത്തിയ വ്യക്തികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തും. എന്‍.ടി ചന്ദ്രന്‍, ആര്‍.എന്‍ ബാബു, മധു നെല്ലിക്കല്‍, രാജേഷ് അഞ്ചിലന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.