ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിച്ച ജലസംഭരണി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

സി എം എസ് കോളേജ് നടത്തിയ വാട്ടർ മാപിംഗിൻറെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ള അപര്യാപ്തതയുളള സ്ഥലങ്ങളിൽ കുടിവെള്ള പദ്ധതികൾ സജ്ജീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാട്ടർ ടാങ്കിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ടാങ്കിനായി സ്ഥലം വിട്ടുനൽകിയ പള്ളി അധികാരികളെയും ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു.

ജലസംഭരണിയുടെ കാലപ്പഴക്കവും കുറഞ്ഞ സംഭരണശേഷിയും ജലവിതരണത്തിന് തടസ്സമായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്ററുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കിയത്. നവീകരണത്തിൻറെ ഭാഗമായി 25,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് പൊളിച്ച് 50,000 ലിറ്ററാക്കി. പൂപ്പച്ചിറയിലുളള പമ്പ്ഹൗസിൽ നിന്നും സബ്മെർസിബിൾ പമ്പ്സെറ്റ് ഉപയോഗിച്ച് പൈപ്പുവഴി കല്ലേറ്റുംകര ജലസംഭരണിയിൽ വെള്ളം എത്തിക്കും.

പഞ്ചായത്തിലെ 1, 2, 3, 4, 23 വാർഡുകളിലെ 7538 ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 10 കിലോമീറ്റർ വിതരണശൃംഖലയും 75 പൊതുടാപ്പുകളും 710 കുടിവെള്ള കണക്ഷനുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. കല്ലേറ്റുംകര ഇൻഫന്റ് ജീസസ് ചർച്ച് അധികാരികൾ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് ജലസംഭരണി സ്ഥാപിച്ചത്.

ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, മുൻ എംഎൽഎ കെ യു അരുണൻ മാസ്റ്റർ എന്നിവർ മുഖ്യാഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ (വാട്ടർ അതോറിറ്റി) വിജു മോഹൻ പദ്ധതി വിശദീകരിച്ചു.