60 ശതമാനം സംരംഭക വളർച്ചയിൽ ഇരിങ്ങാലക്കുട

71 ശതമാനം രേഖപ്പെടുത്തി മുരിയാട്

സ്വയം തൊഴിൽ കണ്ടെത്തുന്നതിലുപരി യുവാക്കൾക്ക് തൊഴിൽ നൽകുന്ന വിധത്തിലുള്ള ആശയങ്ങൾ പുതു സംരംഭങ്ങളിൽ കൊണ്ടുവരണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. 2022-2023 സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ നിയോജക മണ്ഡലം തലത്തിലുള്ള അവലോകന യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംരംഭക വർഷത്തിൽ മൂന്ന് മുതൽ നാല് ലക്ഷം വരെ യുവാക്കൾക്ക് തൊഴിൽ നൽകാൻ പദ്ധതി വഴി ലക്ഷ്യം വെക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

2022 ഏപ്രിൽ മുതൽ നവംബർ 16 വരെയുള്ള കാലയളവിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കീഴിൽ 568 പുതു സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. 23.28 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 1040 പേർക്ക് തൊഴിൽ നൽകാനും കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

പദ്ധതി ലക്ഷ്യം വെച്ചതിൽ 60.94 ശതമാനം പൂർത്തിയാക്കാൻ നിയോജകമണ്ഡലത്തിൽ കൂട്ടായ പരിശ്രമത്തിലൂടെ കഴിഞ്ഞു. സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ ലോൺ മേളകൾ, സംരംഭകരെ സഹായിക്കാൻ ഇന്റേൺമാരുടെ സേവനം, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ഉദ്യം രജിസ്ട്രേഷൻ , കെ സ്വിഫ്റ്റ് സേവനം, ഹെല്പ് ഡെസ്ക് എന്നിവയടക്കം നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരുടെ മികവാർന്ന പ്രവർത്തനം വഴി കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും ഏഴു പഞ്ചായത്തും ഉള്ള ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 71.68 ശതമാനം പുരോഗതിയുമായി മുരിയാട് പഞ്ചായത്ത് ഒന്നാമതെത്തി. ലക്ഷ്യം വെച്ച 160 സംരംഭങ്ങളിൽ 106 സംരംഭങ്ങൾ തുടങ്ങിയ ആളൂർ പഞ്ചായത്ത് ആണ് സംരംഭങ്ങളുടെ എണ്ണത്തിൽ ഏറ്റവും നേട്ടം കൈവരിച്ച പഞ്ചായത്ത്.

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി എല്ലാ താലൂക്ക് വ്യവസായ ഓഫീസുകളിലും ഫെസിലിറ്റി സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. മുകുന്ദപുരം താലൂക്ക് സെന്റർ വഴി 105 സംരംഭകർക്ക് വിവിധ സേവനം നൽകിയതായി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ അറിയിച്ചു. പദ്ധതി വഴി ഉയർന്ന നിക്ഷേപം നേടി വിജയകരമായി പ്രവർത്തിക്കുന്ന സംരംഭങ്ങളെ യോഗത്തിൽ പരിചയപ്പെടുത്തി.

ആളൂർ പഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ അധ്യക്ഷനായ യോഗത്തിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീമ കെ നായർ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് തമ്പി എന്നിവർ സംസാരിച്ചു. ഉപജില്ല വ്യവസായ ഓഫിസർ പി വി സുനിത സ്വാഗതവും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫിസർ പ്രദീപ് വി എസ് നന്ദിയും രേഖപ്പെടുത്തി. ബാങ്ക് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, കുടുംബശ്രീ പ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായി.