പോസ്റ്റ് മെട്രിക് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർഥിനികൾക്ക് പഠന സൗകര്യമൊരുക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഹബ്ബായി മാറുന്ന തൃശ്ശൂരിൽ ഉപരിപഠനത്തിന് ഹോസ്റ്റൽ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയും പഠനോപകരണങ്ങളും എല്ലാ വിദ്യാർഥികളിലേക്കും എത്തണം. അതിന് മികച്ച പഠനസൗകര്യം ഏർപ്പെടുത്തുന്നതിനായി ‘എല്ലാവരും ഉന്നതിയിലേക്ക്’ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹോസ്റ്റലിൽ പ്രവേശനം നേടിയ അശ്വതി രാജൻ, അഞ്ജലി പൗലോസ് എന്നിവർക്ക് മന്ത്രി ഹോസ്റ്റൽ മുറിയുടെ താക്കോൽ കൈമാറി. സംസ്ഥാന ഭവനനിർമാണ ബോർഡംഗം ഗീത ഗോപി അധ്യക്ഷയായി. കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജെയിംസ്, കൗൺസിലർ കെ രാമനാഥൻ, സംസ്ഥാന ഭവനനിർമാണ ബോർഡ് റീജിയണൽ എഞ്ചിനീയർ ടി ആർ മഞ്ജുള എന്നിവർ സംസാരിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ സ്വാഗതവും ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ കെ ജി മനോജ് നന്ദിയും പറഞ്ഞു.

സംസ്ഥാനത്തെ പതിനൊന്നാമത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആണിത്. പുല്ലഴി ഹൌസിങ് ബോർഡ് ഹോസ്റ്റൽ കോംപ്ലക്സിൽ നിർമിച്ചിരിക്കുന്ന ഹോസ്റ്റൽ തൃശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള നാല്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികവർഗ വിദ്യാർഥിനികൾക്ക് സഹായകമാകും. 14 മുറികളും 3 ഡോർമെറ്ററിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 70 കുട്ടികൾക്ക് പ്രവേശനം നൽകാനാവും.