ക്ലീന്‍ സിറ്റി, ഗ്രീന്‍ സിറ്റി, ഫ്‌ലവര്‍ സിറ്റി, ഹാപ്പി ഹാപ്പി ബത്തേരി തുടങ്ങിയ പദ്ധതികളെക്കുറിച്ചറിയാനും തങ്ങളുടെ നഗരസഭയില്‍ നടപ്പാക്കാനുമായി തിരൂരങ്ങാടി നഗരസഭ ഭരണസമിതി അംഗങ്ങള്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സന്ദര്‍ശനം നടത്തി. സന്തോഷനഗരത്തിന്റെ ശുചിത്വവും, സൗന്ദര്യവും നടപ്പിലാക്കിയ രീതിയും സമൂഹത്തിന്റെയും ഭരണസമിതിയുടെയും ഇടപെടലും അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.സുഹറാബി, സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.ഇക്ബാല്‍, സിബി ഇസ്മായില്‍, എം.വാഹീദ, ജി.പി.എസ് ബാവ എന്നിവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു. നഗരസഭയുടെ പ്രവര്‍ത്തനം സംബന്ധിച്ചു ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് വിശദീകരിച്ചു, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷാമില ജുനൈസ്, കെ.റഷീദ്, പി.എസ് ലിഷ, സൂപ്രണ്ട് ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.