കാലതാമസം കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഡിജിറ്റല്‍ റീസര്‍വേയുടെ അത്യന്തികമായ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരമാകും. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ വകുപ്പുകളുടെ വിവിധ പോര്‍ട്ടലുകളായ റിലീഫ്, പേള്‍, ഇ-മാപ് എന്നിവ സംയോജിപ്പിച്ചുള്ള എന്റെ ഭൂമി പോര്‍ട്ടല്‍ വഴിയാണിത് സാധ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 37 പേര്‍ക്കുള്ള പട്ടയ വിതരണവും പുന്നപ്ര തെക്ക് പഞ്ചായത്ത് പുറത്തിറക്കിയ പാഠ്യപദ്ധതി പരിഷ്‌ക്കരണ രൂപരേഖയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

സംസ്ഥാനത്ത് ഇതുവരെ നാല് ജില്ലകളിലെ റവന്യൂ വകുപ്പ് സമ്പൂര്‍ണ ഡിജിറ്റലായി. 2023 ഡിസംബറിന് മുന്‍പായി 14 ജില്ലകളെയും സമ്പൂര്‍ണ ഡിജിറ്റലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 77 താലൂക്ക് ഓഫീസുകള്‍, 1,666 വില്ലേജ് ഓഫീസുകള്‍, മറ്റ് അനുബന്ധ ഓഫീസുകള്‍ എന്നിവയാണ് ഡിജിറ്റലാകുക. ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടത്തിയ ആദ്യ വകുപ്പായി റവന്യൂ മാറും. പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഒരു വില്ലേജില്‍ ലഭിക്കുന്ന അപേക്ഷ കാലതാമസം കൂടാതെ ഉന്നത ഓഫീസുകളിലേക്ക് കൈമാറാനും. വളരെ വേഗത്തില്‍ പരിഹാരം കാണാനും സാധിക്കും. ഇത് വകുപ്പിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കും. – മന്ത്രി പറഞ്ഞു.

അര്‍ഹരായ സാധാരണക്കാര്‍ക്ക് ഭൂമി ലഭ്യമാകാന്‍ ആവശ്യമെങ്കില്‍ ചട്ടങ്ങളിലും നിയമങ്ങളിലും സര്‍ക്കാര്‍ ഭേദഗതി വരുത്തും. എന്നാല്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വെക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. ഈ സര്‍ക്കാരിന്റെ പക്ഷപാതം ഭൂമിയില്ലാത്ത സാധരണക്കാരനോടാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസം കൊണ്ട് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട രണ്ട് ലക്ഷം അപേക്ഷകള്‍ ഓഫ്ലൈനായി പരിഹരിക്കാനായി. ജില്ലയിലെ റവന്യൂ വകുപ്പ് ഇതില്‍ നിര്‍ണായ പങ്ക് വഹിച്ചു. ആലപ്പുഴയില്‍ 12 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണുള്ളത്. 26 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. -മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി., ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ജില്ല പഞ്ചായത്തംഗം ഗീത ബാബു, ജനപ്രതിനിധികളായ പി.എസ്.എം. ഹുസൈന്‍, എം. ഷീജ, പി.പി. ആന്റണി, മേരീ ലീന, രമ്യ സുര്‍ജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി, തഹസില്‍ദാര്‍മാരായ ടി. വിജയന്‍, വി.സി. ജയ, വില്ലേജ് ഓഫീസര്‍ എം.പി. ഉദയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.