പൂക്കളോടും ചെടികളോടുമുള്ള പ്രണയം വീടും മുറ്റവും നിറച്ചപ്പോളാണ് സൗത്ത് ചിറ്റൂർ സ്വദേശിനിയായ കെ. പ്രസന്നകുമാരിക്ക് അതൊരു ജീവിതമാർഗമാക്കിയാലോ എന്ന ചിന്ത തോന്നിയത്. കുടുംബശ്രീ പ്രവർത്തക കൂടിയായ പ്രസന്നകുമാരി തന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാനുറച്ചപ്പോൾ എല്ലാ പിന്തുണയുമായി കുടുംബശ്രീ മിഷനും ഒപ്പം നിന്നു. ഇൻഡോർ ഗാർഡൻ, ജൈവ വളങ്ങൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, പച്ചക്കറി നഴ്സറി തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ എഴുതി ചേർക്കുകയാണ് പ്രസന്നകുമാരിയുടെ അമൃത ഫുഡ് പ്രൊഡക്റ്റ്സ് ഇപ്പോൾ. നേട്ടങ്ങളുടെ പട്ടികയിൽ ഒടുവിലെത്തിയത് സിയാലിൽ നടന്ന സുസ്ഥിര വികസന ദേശീയ സെമിനാറിലെ മികച്ച സ്റ്റാൾ ക്രമീകരണത്തിനുള്ള അംഗീകാരവും.

രണ്ടു വർഷം മുൻപാണ് അമൃത ഫുഡ് പ്രൊഡക്റ്റ്സ്, ബയോ ഫാർമസി ആൻഡ് നഴ്സറി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തത്. വീട്ടിലുണ്ടാവുന്ന മാമ്പഴത്തിൽ നിന്നും കുടുംബ വീട്ടിൽ നിന്നെത്തിക്കുന്ന പൈനാപ്പിൾ ഉപയോഗിച്ചും തയാറാക്കുന്ന ജാം, സ്‌ക്വാഷ് എന്നിവയും നിർമിച്ചു ചേരാനെല്ലൂരിലെ കുടുംബശ്രീ മാർക്കറ്റിൽ വിപണനം നടത്തുന്നുണ്ട് അമൃത ഫുഡ് പ്രൊഡക്റ്റ്സ്. അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി, പള്ളുരുത്തി, പറവൂർ ബ്ലോക്കുകളിലേക്ക് ആവശ്യമായ ഔഷധ തൈകളും ഇവിടെ നിന്നും വിതരണം ചെയ്യാൻ സാധിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്ത്‌ പരിധിയിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യാനും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൈവ വളങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതും അമൃത ഫുഡ് പ്രൊഡക്റ്റ്സ്ന്റെ നേട്ടങ്ങളാണ്. ഇതിനു പുറമെയാണ് ബയോഫാർമസിയിൽ നിർമിക്കുന്ന വിവിധ പോഷക വസ്തുക്കൾ.

വൈവിദ്ധ്യപൂർണമായ മാർഗങ്ങളിലൂടെ ചെറുകിട സംരംഭങ്ങളെ വിജയത്തിലെത്തിക്കാമെന്നതിന് തെളിവാണ് പ്രസന്നകുമാരിയുടെ അമൃത ഫുഡ് പ്രൊഡക്റ്റ്സ്. ഒപ്പം പൂർണ പിന്തുണയുമായി പ്രസന്നകുമാരിയുടെ കുടുംബവും ചേരാനെല്ലൂർ സി. ഡി. എസും ഒപ്പമുണ്ട്.