സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടിനെ ആവേശത്തിലാഴ്ത്തി മൂന്നു ദിനങ്ങളിലായി നടക്കുന്ന ഇടുക്കി റവന്യു ജില്ലാ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എം എല്‍ എ നിര്‍വഹിച്ചു. രണ്ടാം ദിനം കായിക പ്രതിഭകള്‍ അണി നിരന്ന മാര്‍ച്ച് പാസ്റ്റില്‍ എം എം മണി എം എല്‍ എ സല്യൂട്ട് സ്വീകരിച്ചു.
സ്‌കൂള്‍ തലം മുതല്‍ നടത്തുന്ന ഇത്തരം കായിക മേളകള്‍ വഴി ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലര്‍ത്താന്‍ കഴിയുന്നതിനോടൊപ്പം കായിക, കലാ മേഖലയില്‍ വലിയ സംഭാവന ചെയ്യുന്ന ഒരു തലമുറയെ വിഭാവനം ചെയ്യണമെന്ന വലിയ കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിജയിക്കുന്നവര്‍ക്ക് കൂടുതല്‍ വേഗതയിലേക്ക് പോകാനും പരാജയപ്പെട്ടവര്‍ക്ക് ഭാവിയില്‍ വിജയത്തിലേക്ക് പോകാനുള്ള മാനസികമായ തയാറെടുപ്പ് നടത്താന്‍ കഴിയണം. ഭാവിയിലെ കായിക താരങ്ങള്‍ ഇവിടെ നിന്നും ഉണ്ടാകുവാന്‍ ഇടയാകണമെന്നും സംസ്ഥാന കായിക മേളയില്‍ ഇടുക്കി ജില്ലയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
നാഷണല്‍ താരങ്ങളായ ജിയന്ന ഷിജോ, അന്ന മരിയ റജി, അവന്തിക കെ എസ്, ഗൗരി നന്ദന, ആഗ്‌നല്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് ദീപശിഖ വഹിച്ച് സ്‌കൂള്‍ ഗ്രൗണ്ടിന് വലംവച്ച് വിദ്യഭ്യാസ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ.യ്ക്ക് കൈമാറി.കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ കായിക അധ്യാപിക ആനി കുരുവിളയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
23 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അണക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായിക അധ്യാപകന്‍ ബൈജു പി ഡി, പഞ്ചാബ് നാഷണല്‍ യോഗ ചാമ്പ്യാന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് റിതമിക് യോഗയില്‍ വെങ്കല മെഡല്‍ നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 7 ആം ക്ലാസ് വിദ്യാര്‍ത്ഥിനി ദുര്‍ഗ മനോജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മായ ബിജു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ.വില്‍ഫിച്ചന്‍ തെക്കേവയലില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ, കട്ടപ്പന എ ഇ ഒ ടോമി ഫിലിപ്പ്, നെടുംകണ്ടം എ ഇ ഒ സുരേഷ്‌കുമാര്‍, കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിമ്മി ജേക്കബ്, കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിജു ജോസഫ്, പി ടി എ പ്രസിഡന്റ് ഡോണ്‍ ബോസ്‌കോ, കെ ആര്‍ ഷാജിമോന്‍, ജോസഫ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.