കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 12,000രൂപയായി വർധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. നിലവിൽ 9,000രൂപയാണ് ഓണറേറിയം. കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് പേഴ്‌സൺമാരാണ് കമ്യൂണിറ്റി കൗൺസിലർമാർ. സമൂഹത്തിലെ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രശ്‌നങ്ങൾ തുറന്നുപറയുന്നതിനും പരിഹരിക്കുന്നതിനുമുള്ള സഹായം ഉറപ്പാക്കുകയാണ് കമ്യൂണിറ്റി കൗൺസിലർമാരുടെ ചുമതല. കുടുംബശ്രീയുടെ ജൻഡർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഓണറേറിയം വർധന സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തുല്യതയുടെയും സ്വാശ്രയത്വത്തിൻറെയും പാഠങ്ങൾ പഠിപ്പിച്ച കുടുംബശ്രീ, അവരെ സംരംഭകരാക്കി മാറ്റാനുള്ള ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ കമ്യൂണിറ്റി കൗൺസിലർമാരുടെ പ്രവർത്തനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്താകെ 383 കമ്യൂണിറ്റി കൗൺസിലർമാരാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവർക്ക് 12 ദിവസം മാത്രമാണ് ചുമതലകൾ നൽകാൻ സാധിച്ചിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിൻറെ ഭാഗമായാണ് പുതിയ തീരുമാനം. ഒരു കോടി എൺപതിനായിരം രൂപയാണ് ഓണറേറിയം വർധനവിലൂടെ അധികബാധ്യത വരുന്നത്. ബിരുദയോഗ്യതയോ, അഞ്ച് വർഷം കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺമാരായി സേവനമനുഷ്ഠിച്ചതോ ആയ കുടുംബശ്രീ അംഗങ്ങളിൽ നിന്നാണ് കമ്യൂണിറ്റി കൗൺസിലർമാരെ ജില്ലാതലത്തിൽ തെരഞ്ഞെടുക്കുന്നത്. സൈക്കോളജി, സോഷ്യൽ വർക്കർ വിഷയങ്ങളിൽ അക്കാദമിക് യോഗ്യതയുള്ളവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.