കോട്ടയം: സമൂഹത്തിൽ നേരിടേണ്ടി വരുന്ന എല്ലാത്തരത്തിലുള്ള അക്രമങ്ങളെയും ചെറുക്കാൻ പ്രാപ്തിയുള്ളവരായി വനിതകൾ മാറണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ‘ഓറഞ്ച് ദ് വേൾഡ്’ കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി റാലിയും മാരത്തോണും പരിപാടികളും കളക്‌ട്രേറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ. പരിപാടിയുടെ ഭാഗമായി വനിത-ശിശുവികസന വകുപ്പ്, ബസേലിയസ്, ബി.സി.എം. കോളജുകളുടെ സഹകരണത്തോടെ കളക്ടറേറ്റ് അങ്കണത്തിൽ നിന്ന് ആരംഭിച്ച റാലി കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു. റാലി നാഗമ്പടം മൈതാനത്ത് സമാപിച്ചു. ഇതിന്റെ ഭാഗമായി വനിതകൾക്കെതിരായ അതിക്രമങ്ങളെ മുൻനിർത്തി തെരുവു നാടകവും അരങ്ങേറി.