കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയ മാലിന്യസംസ്‌കരണം യാഥാർഥ്യമാക്കണമെന്നും മാലിന്യങ്ങൾ നിർബന്ധമായും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്തിൽ ഇ – നാട് യുവജന സഹകരണ സംഘവുമായി സഹകരിച്ച് നടപ്പാക്കിയ ജീ ബിൻ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മ്ര്രന്തി.
നാട് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്രശ്നം മാലിന്യസംസ്‌ക്കരണമാണെന്നും ഗാർഹിക മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിന് ഇ-നാട് സഹകരണസംഘം തയാറാക്കിയ ജീ ബിൻ ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച ഇ – നാട് യുവജന സഹകരണ സംഘം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ സ്റ്റാർട്ടപ്പ് സംരംഭമായ ഫോബ് സൊലൂഷ്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മാലിന്യ സംസ്‌കരണ ഉപാധിയാണ് ജീ ബിൻ. ഗാർഹിക മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നു. 35-40 ദിവസം കൊണ്ട് മാലിന്യങ്ങൾ കമ്പോസ്റ്റായി മാറുന്ന സംവിധാനമാണിത്.

ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇ-നാട് യുവജന സഹകരണസംഘം പ്രസിഡന്റ് സജേഷ് ശശി പദ്ധതി വിശദീകരിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ, വാഴൂർ ബ്ലോക്ക് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ പി.എം. ജോൺ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ ജിജി ജോസഫ്, ഡി. സേതുലക്ഷ്മി, ശ്രീകാന്ത് പി. തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗീതാ മേരി മാമ്മൻ ബ്ലോക്ക്-ഗ്രാമപഞ്ചായ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.