2473 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 2473 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി. സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി അവലോകനവും പുരസ്‌കാര വിതരണവും നടത്തി. 1186 ആധാര്‍ കാര്‍ഡുകള്‍, 696 റേഷന്‍ കാര്‍ഡുകള്‍, 687 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 460 ബാങ്ക് അക്കൗണ്ട്, 162 ആരോഗ്യ ഇന്‍ഷുറന്‍സ്, 603 ഡിജിലോക്കര്‍ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉള്‍പ്പെടെ 4412 സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നീ വകുപ്പു കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു. കേരള നിയമസഭാ സമിതി അംഗങ്ങള്‍ ക്യാമ്പ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തത്സമയം രേഖകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
സമാപന സമ്മേളനത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. വാസുദേവന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജി. പ്രമോദ്കുമാര്‍, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, പഞ്ചായത്ത് സെക്രട്ടറി എ.എം ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.