പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിനായി മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി. ക്യാമ്പ് നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും സമിതി അഭിനന്ദിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ എ.ബി.സി.ഡി ക്യാമ്പില്‍ നിന്ന് പോസ്റ്റല്‍ ബാങ്കിന്റെ അക്കൗണ്ട് ആരംഭികുകയും ഡിജിറ്റല്‍ കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ക്യാമ്പിലെത്തിയവരോട് സംവദിച്ച ശേഷമാണ് സമിതി അംഗങ്ങള്‍ മടങ്ങിയത്. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടത്തുന്നത്. കല്‍പ്പറ്റ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി തെളിവെടുപ്പിന് ശേഷമാണ് എം.എല്‍.എമാരായ ഒ.ആര്‍ കേളു, കടകംപ്പളളി സുരേന്ദ്രന്‍, എ. രാജ, എ.പി അനില്‍കുമാര്‍, പി.വി ശ്രീനിജന്‍ എന്നിവരടങ്ങുന്ന സംഘം ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയത്.
കണിയാമ്പറ്റ എം.ആര്‍.എസ് സ്‌കൂളും സംഘം സന്ദര്‍ശിച്ചു. സ്‌കൂളിലെ കലാ-കായിക മേളയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ സമിതി അനുമോദിച്ചു. എം.ആര്‍.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാവിരുന്നിലും പങ്കെടുത്തു. തുടര്‍ന്ന് പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി തൊഴില്‍ പരിശീലനം നല്‍കുന്ന കല്‍പ്പറ്റയിലെ അമൃദ് തൊഴില്‍ പരിശീലന കേന്ദ്രത്തിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. കരകൗശലവസ്തു നിര്‍മ്മാണം, വനിതകള്‍ക്കുള്ള തയ്യല്‍ പരിശീലനം, പ്രിന്റിംഗ് ആന്റ് ബുക്ക് ബൈന്‍ഡിംഗ് തുടങ്ങിയവ നേരിട്ട് കണ്ട് പരിശീലന കേന്ദ്രത്തിലെ അംഗങ്ങളുമായി സംവദിച്ചു. സര്‍ക്കാരിന്റെ സമഗ്ര പട്ടികവര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് പൈതൃകഗ്രാമവും നിയമസഭാ സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു.
ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, നിയമസഭാ സെക്ഷന്‍ ഓഫീസര്‍ പി. സുഭാഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധികള്‍ തുടങ്ങിയവരും നിയമസഭ സമിതി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.