കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ സംയോജിത ആശയ വിനിമയ, ബോധവല്‍ക്കരണ പരിപാടിക്ക് കോഴിക്കോട് തുടക്കമായി. മാനാഞ്ചിറ കോംട്രസ്റ്റ് മൈതാനിയിൽ പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ വിവിധ വകുപ്പുകള്‍ കൈക്കൊള്ളണമെന്ന് എംപി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതികളേയും സേവനങ്ങളേയും കുറിച്ചുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി റനീഷ് മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരളാ-ലക്ഷദ്വീപ് റീജിയന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ ബിജു കെ. മാത്യു, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫിസര്‍ എൽ. സി. പൊന്നുമോൻ, വയനാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. വി. പ്രജിത്ത് കുമാര്‍ എന്നിവർ സംസാരിച്ചു.

പ്രചാരണ പരിപാടികളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ സംബന്ധിച്ച സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ആധാര്‍ സേവനങ്ങള്‍ ലഭ്യമാണ്. നാളെ ( നവംബർ 26) നാഷണൽ ആയുഷ്മിഷന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും. പ്രദര്‍ശനം നവംബര്‍ 29 വരെ തുടരും.