റോഡുകൾ നല്ല രീതിയിൽ പരിപാലിക്കപ്പെട്ടാൽ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ എന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാമനാട്ടുകരയിലെ പൊറ്റപ്പടി സേവാമന്ദിരം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
3 കോടി 36 ലക്ഷം രൂപ വിനിയോഗിച്ച് ഫറോക്ക് പേട്ട – ഫാറൂഖ് കോളേജ് റോഡിന്റെ പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2 കോടി രൂപ ചെലവഴിച്ചു പേട്ട – ചൂരക്കാട് റോഡും 3 കോടി 32 ലക്ഷം രൂപ ചെലവഴിച്ചു രാമനാട്ടുകര പുല്ലുംകുന്ന് റോഡും നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വാർഡ് കൗൺസിലർ പി.കെ അഫ്സൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ അറിയിച്ചു. വാർഡ് വികസന സമിതി കൺവീനർ രാജേഷ് നെല്ലിക്കോട് സ്വാഗതവും റോഡ് കമ്മിറ്റി ചെയർമാൻ ടി ബൈജു നന്ദിയും പറഞ്ഞു.