സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് തുടക്കമായി. ഡിസംബർ 10 വരെ വിവിധ പരിപാടികളോടെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി സബ് കലക്ടർ മുഹമ്മദ് ഷഫിഖ് ഫ്ലാഗ് ഓഫ്‌ ചെയ്തു. ക്രൈസ്റ്റ് കോളേജിലെ സൈക്ലിംഗ് ക്ലബ്ബായ സി ഫോർ സൈക്ലിങ്ങിന്റെ ആഭിമുഖ്യത്തിലായിരുന്നു റാലി. 100 വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് തുടങ്ങി ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് വരെ സൈക്കിൾ റാലിയും തുടർന്ന് കോളേജ് ഗ്രൗണ്ട് വരെ അങ്കണവാടി പ്രവർത്തകരുടെ റാലിയും നടന്നു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ശാരീരിക-മാനസിക വെല്ലുവിളികൾ നിറഞ്ഞതാണെന്നും അതിനെതിരെ അവബോധം സൃഷ്ടിക്കാൻ ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്നും സബ് കലക്ടർ മുഹമ്മദ് ഷഫീഖ് പറഞ്ഞു. സ്ത്രീധനത്തിന് എതിരെയുള്ള സത്യപ്രതിജ്ഞാ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഫാദർ ജോളി ആൻഡ്രൂസ് ചൊല്ലി കൊടുത്തു.

വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, സിഡിപിഒമാരായ സുധ, ജയ റെജി, ലളിത കെ കെ, അങ്കണവാടി ടീച്ചർമാർ, വൺ സ്റ്റോപ് സെന്റർ പ്രവർത്തകർ, സ്കൂൾ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.