പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊഹേഷന്‍ എന്ത്,എന്തിന്, എങ്ങനെ എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. പോക്‌സോ കോര്‍ട്ട് അഡീഷണല്‍ സെഷന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോററ്റി, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അബദ്ധത്തില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരെ പ്രൊബേഷന്‍ സംവിധാന ത്തിന്റെ ഭാഗമാക്കി അവരെ നല്ല നടപ്പിലൂടെ ശരിയായ ജീവിത സാഹചര്യ ങ്ങളിലേക്ക് കൊണ്ടുവരുകയയാണ് പ്രൊബേഷന്‍ സംവിധാനത്തില്‍ ലക്ഷ്യ മിടുന്നതെന്ന് അഡീഷണല്‍ സെഷന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് പറഞ്ഞു.

കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി യില്‍ സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി യുമായ സി.ഉബൈദുള്ള അധ്യക്ഷനായി. ബത്തേരി ഡി.വൈ.എസ്.പി കെ. കെ. അബ്ദുള്‍ ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കൃഷ്ണകുമാര്‍, പ്രൊബേഷന്‍ പരോള്‍, വിവിധ ക്ഷേമ പദ്ധതികള്‍ എന്ന വിഷയത്തില്‍ പ്രൊബേഷന്‍ ഓഫീസര്‍ ടി.ഡി. ജോര്‍ജ്ജുകുട്ടി എന്നിവര്‍ ക്ലാസ്സ് എടുത്തു.

ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യരുടെ സ്മരണാര്‍ത്ഥമാണ് പ്രൊബേഷന്‍ ദിനം ആചരിക്കുന്നത്. പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട കോടതി, ജയില്‍, പൊലീസ്, പ്രോസിക്യൂഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് പ്രൊബേഷന്‍ പക്ഷാചരണം സംഘടിപ്പിക്കുന്നത്. നല്ലനടപ്പ് സംവിധാനത്തെ കുറിച്ചും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക, ജയില്‍ ഇതര ശിക്ഷാ സമ്പ്രദായം വ്യാപിപ്പിക്കുക എന്നിവ പ്രൊബേഷന്‍ പക്ഷാചരണം ലക്ഷ്യമിടുന്നു.