വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും 29ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ തുറമുഖം-മ്യൂസിയം- പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ, ശശി തരൂർ എം.പി. എന്നിവർ സംസാരിക്കും.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി. ഗോപാലകൃഷ്ണൻ സ്വാഗതം പറയും. തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു പദ്ധതി വിശദീകരണം നടത്തും. തുടർന്ന് വിദഗ്ധർ വിഷയാവതരണം നടത്തും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞനും എൽ ആൻഡ് ടി ഇൻഫ്രാ എൻജിനിയറിങ് തുറമുഖ- പരിസ്ഥിതി വിഭാഗം തലവനുമായ രാജേഷ് പി.ആർ. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളിൽ – പഠന വെളിച്ചത്തിൽ’ എന്ന വിഷയം അവതരിപ്പിക്കും.
‘തീര രൂപീകരണത്തിലെ അടിസ്ഥാന തത്വങ്ങൾക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യ’ ത്തെക്കുറിച്ച് ഇൻഡോമർ കോസ്റ്റൽ ഹൈഡ്രോളിക്സ് ലിമിറ്റഡ് എം.ഡിയും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷ്യൻ എൻജിനിയറിങ് വിഭാഗത്തിലെ മുൻ തലവനും ശാസ്ത്രജ്ഞനുമായ ഡോ. പി. ചന്ദ്രമോഹനും ‘തിരുവനന്തപുരം കടൽതീരത്തെ മാറ്റങ്ങൾ – യഥാർത്ഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തലി’ നെക്കുറിച്ച് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ്പ് മേധാവി ഡോ. എൽ. ഷീല നായരും സംസാരിക്കും.
ഒരു മണി മുതൽ നടക്കുന്ന പാനൽ ചർച്ചയിൽ ചെന്നൈ ഐ.ഐ.ടി. ഓഷ്യൻ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസർ ഡോ. എസ്.എ. സന്നസിരാജ്, ഖരഗ്പൂർ ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനിയറിങ് ആൻഡ് നേവൽ ആർക്കിടെക്ടർ വിഭാഗം പ്രൊഫസർ ഡോ. പ്രസാദ് കുമാർ ഭാസ്‌കരൻ, ഇ.എസ്.ജി. സ്പെഷ്യലിസ്റ്റ് സി. വി. സുന്ദരരാജൻ, ഡോ. പി. ചന്ദ്രമോഹൻ, ഡോ. എൽ. ഷീലാ നായർ എന്നിവർ പങ്കെടുക്കും. ക്യാപ്പിറ്റൽ റീജിയൻ ഡെവലപ്മെന്റ് മുൻ സ്പെഷ്യൽ ഓഫീസറും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന ബാലകൃഷ്ണൻ പാനൽ ചർച്ചയുടെ മോഡറേറ്ററായിരിക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് സി.ഇ.ഒ. ഡോ. ജയകുമാർ നന്ദി പറയും.