പാലക്കാട് ജില്ലയില്‍ ലോക എയ്ഡ്‌സ് വിരുദ്ധദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘ഒന്നായ് തുല്യരായി തടുത്ത് നിര്‍ത്താം’ എന്ന പേരിലാണ് ലോക എയ്ഡ്‌സ് വിരുദ്ധദിനാചരണ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ മുന്നോടിയായി നവംബര്‍ 30 ന് വൈകിട്ട് 5.30 ന് പാലക്കാട് കോട്ടമൈതാനത്ത് ദീപം തെളിയിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന ബോധവത്ക്കരണ റാലി ഐ.എം.എ ഹാളില്‍ അവസാനിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, എച്ച്.ഐ.വി എയ്ഡ്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, എയ്ഡ്‌സ് സംഘടനാ പ്രതിനിധികള്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് പാലക്കാട് ഐ.എം.എ ഹാളില്‍ രാവിലെ 10 ന് ഷാഫി പറമ്പില്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയാകും. പരിപാടിയില്‍ ശരവണന്‍ പാലക്കാട് മാജിക് ഷോ അവതരിപ്പിക്കും.

ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് എയ്ഡ്‌സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട പ്രദര്‍ശനം, വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം, എയ്ഡ്‌സ് രോഗം എങ്ങനെ കണ്ടെത്താം, കണ്ടെത്തിയാല്‍ എന്ത് ചെയ്യണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ സെല്‍വരാജ്, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പി. സജീവ് കുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.