പത്തനംതിട്ട: ഏത് വെല്ലുവിളിയെയും സധൈര്യം നേരിടാന്‍ നമുക്ക് കഴിയുമെന്ന് തെളിഞ്ഞതായി വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഓണാവധിക്കും പ്രളയക്കെടുതിക്കും ശേഷം ക്ലാസുകള്‍ ആരംഭിച്ച നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. മാനസികമായി വലിയ കരുത്തുള്ളവരാണ് നിങ്ങള്‍, ഒരു വലിയ ദുരന്തത്തെയാണ് ചങ്കൂറ്റത്തോടെ നാം അതിജീവിച്ചത്, ഇനി ചെറിയ കാര്യങ്ങളില്‍ പോലും മനസ് തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം.  വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളെല്ലാം എത്തിക്കും. വീട് നഷ്ടപ്പെട്ടവര്‍ക്ക് എല്ലാവരുടേയും കൂട്ടായ ശ്രമഫലമായി വീടുകള്‍ നിര്‍മിക്കും. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും നിരാശപ്പെടാതെ സധൈര്യം മുന്നോട്ട് പോകണമെന്നും എം.എല്‍.എ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് കുട്ടികള്‍ എം.എല്‍.എയുടെ വാക്കുകളെ സ്വീകരിച്ചത്. പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയിലെ സ്‌കൂളുകളിലൊന്നാണ് നാല്‍ക്കാലിക്കല്‍ എസ്.വി.ജി.വി.എച്ച്.എസ്.എസ്. പല ക്ലാസ് മുറികളും നശിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പലരും പ്രളയബാധിതരാണ്. ഇവര്‍ക്ക് ആത്മവിശ്വാസം പകരാനാണ് എം.എല്‍.എ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളോട് സംവദിച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ കുടിവെള്ളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കറില്‍ എത്തിക്കുമെന്നും എം.എല്‍.എ ഉറപ്പ് നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍ ശ്യാമളാമ്മ, വാര്‍ഡ് മെമ്പര്‍ ആര്‍.ഉണ്ണികൃഷ്ണന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.