ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. രാജഗോപാലന്‍ ക്ലാസെടുത്തു.
സേവന, ഉത്പാദന സംരംഭങ്ങള്‍ക്ക് ആകെ മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി, ഉത്പാദന സംരംഭങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ 20 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സംരംഭക സഹായ പദ്ധതി, 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്ന ഉത്പാദന, സേവന സംരംഭങ്ങള്‍ക്ക് 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന മാര്‍ജിന്‍ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ്‌സ് പദ്ധതി, ഫുഡ് പ്രോസസിങ് സംരംഭക പദ്ധതി എന്നിവയെ കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു. കേരള ബാങ്ക് കൊഴിഞ്ഞാമ്പാറ ബ്രാഞ്ച് മാനേജര്‍ ശശീന്ദ്രന്‍ സംരംഭക വായ്പയെടുക്കാനാവശ്യമായ ബാങ്ക് അക്കൗണ്ട്, ഐ.ഡി, സബ്‌സിഡി എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് നിലാവര്‍ണീസ അധ്യക്ഷയായ പരിപാടിയില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് രേണുക ദേവി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് ചെയര്‍മാന്‍ ചന്ദ്രന്‍, ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ രാജഗോപാലന്‍, പഞ്ചായത്ത് ഇന്റേണ്‍ ബി. ശ്രീലക്ഷ്മി, ചിറ്റൂര്‍ ബ്ലോക്കിലെ ഇന്റേണ്‍മാര്‍, 55 സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.
